കനത്ത മഴയെ തുടർന്ന് മഹാരാഷ്ട്രയിലെ റായ്ഗഡിലുണ്ടായ ഉരുള്‍പൊട്ടലില്‍ പത്തുപേര്‍ മരിച്ചു. റായ്ഗഡിലെ ഖലാപൂര്‍ ഗ്രാമത്തില്‍ ബുധനാഴ്ച രാത്രി 11 മണിയോടെയാണ് വന്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. 50 ഓളം കുടുംബങ്ങള്‍ മണ്ണിന് അടിയില്‍ കുടുങ്ങിയതായും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപകടത്തില്‍ കുടുങ്ങിയവരില്‍ 25 പേരെ രക്ഷപ്പെടുത്തിയതായും അപകടത്തില്‍ പത്തുപേര്‍ മരിച്ചതായും മന്ത്രി ഉദയ് സാമന്ത് പറഞ്ഞു. 21പേരെ നവി മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തകരുമായി സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അതിനിടെ രക്ഷാപ്രവര്‍ത്തനത്തിനായി പോയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കുത്തനെയുള്ള പാതയിലൂടെ കയറുന്നതിനിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. നവി മുംബൈയിലെ ബേലാപൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ശിവ്‌റാം ധുംനെയാണ് മരിച്ചത്. 52 വയസായിരുന്നു.