തെലങ്കാന ഗവർണറും പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറുമായി തമിഴിസൈ സൗന്ദരരാജൻ രാജിവെച്ചു . മുൻ തമിഴ്‌നാട് ബിജെപി അധ്യക്ഷ കൂടിയായ ഇവർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് തമിഴിസൈ സൗന്ദരരാജൻ രാജി സമർപ്പിച്ചത്. പിന്നാലെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയക്കുകയും ചെയ്തു.
പുതുച്ചേരി, തിരുനെല്‍വേലി, സൗത്ത് ചെന്നൈ തുടങ്ങിയ മണ്ഡലങ്ങളിലാണ് ഇവരെ പരിഗണിക്കുന്നത്. ബിജെപി മുൻ സംസ്ഥാന പ്രസിഡന്‍റ് കൂടിയായ തമിഴിസൈ പല തവണ വിവാദവാര്‍ത്തകളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇവര്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ തമിഴ്നാട്ടില്‍ നിന്ന് വന്നിരുന്നു. തമിഴ്നാട്ടില്‍ ബിജെപിക്ക് ശക്തരായ സ്ഥാനാര്‍ത്ഥികളില്ലെന്ന പരാതി നിലനില്‍ക്കവെ തമിഴിസൈയെ പോലെയുള്ളവരെ മുന്നില്‍ നിര്‍ത്തുന്നത് ഗുണകരമാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ മൂന്നാം ഘട്ട സ്ഥാനാർഥി പട്ടികയിൽ സൗന്ദരരാജൻ ഇടംപിടിക്കാൻ സാധ്യതയുണ്ട്. വടക്കൻ
അടുത്തിടെ തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സൗന്ദരരാജൻ രംഗത്തെത്തിയിരുന്നു. തമിഴ്‌നാട്ടിൽ 2023 ഡിസംബറിലുണ്ടായ വൻ വെള്ളപ്പൊക്കത്തിൽ ഡിഎംകെയെ കടുത്ത ഭാഷയിലാണ് അവർ ആക്ഷേപിച്ചത്. സംസ്ഥാന സർക്കാർ ശരിയായ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതായിരുന്നു. പക്ഷേ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടു. പ്രളയക്കെടുതിയിൽ ജനങ്ങൾ വലയുമ്പോൾ മുഖ്യമന്ത്രി ജനങ്ങൾക്കൊപ്പം ഒരു പരിപാടി നടത്തുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇതിനിടെ രാഷ്ട്രീയ ചർച്ചകളിൽ ഏർപ്പെടാൻ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കുള്ള അതേ അവകാശം ഗവർണർമാർക്കും ഉണ്ടെന്ന് തമിഴിസൈ സൗന്ദരരാജൻ പറഞ്ഞിരുന്നു. മറ്റെല്ലാവരും രാഷ്ട്രീയ ചർച്ചകളിൽ പങ്കെടുക്കുന്നതിനാൽ, ഗവർണർമാർക്കും അതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. ഗവർണറുടെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിക്കാമെങ്കിലും അവരോട് പ്രതിഷേധിക്കുകയോ ശത്രുത പ്രകടിപ്പിക്കുകയോ ചെയ്യുന്നത് നല്ല രാഷ്ട്രീയത്തിന് യോജിച്ചതല്ല.. ഒരു പ്രത്യേക ചട്ടക്കൂടിനുള്ളിൽ തന്നെ ഒതുക്കാനാകില്ലെന്നും ആവശ്യമെന്ന് തോന്നുമ്പോൾ തന്റെ അഭിപ്രായം പ്രകടിപ്പിക്കുമെന്നും അവർ പറഞ്ഞു. പ്രത്യേക വിഷയങ്ങളിൽ ഗവർണർമാരെ പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ അഭിസംബോധന ചെയ്യുകയായിരുന്നു തമിഴിസൈ.
ഗവർണർമാർ രാഷ്ട്രീയം ചർച്ച ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയുടെ പരാമർശത്തിന് പിന്നാലെയാണ് അവരുടെ പരാമർശം. തമിഴ്നാട് ഗവർണർ ആർഎൻ രവിയെയും സംസ്ഥാനത്തെ സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളെയും പരാമർശിക്കുകയായിരുന്നു അദ്ദേഹം. തെലങ്കാന ഗവർണർ മാധ്യമങ്ങളുമായി ഇടയ്ക്കിടെ സംവദിക്കാറുണ്ടെന്ന് ഒരു റിപ്പോർട്ടർ ചൂണ്ടിക്കാട്ടിയതോടെയായിരുന്നു അണ്ണാമലൈയുടെ പ്രതികരണം . രാഷ്ട്രീയം ചർച്ച ചെയ്യുന്നതും പതിവായി വാർത്താസമ്മേളനങ്ങൾ നടത്തുന്നതും ഗവർണർമാർ ഒഴിവാക്കണമെന്ന് ബിജെപി അധ്യക്ഷൻ പ്രതികരിച്ചു.