തെലുങ്ക് ദേശം പാർട്ടി അധ്യക്ഷനും മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ജയിൽ മോചിതനായി. 53 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് അദ്ദേഹം ജയിലിൽ നിന്നും പുറത്തിറങ്ങുന്നത്.
നായിഡുവിന്റെ ജാമ്യാപേക്ഷയിൽ, തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ ജാമ്യം ആവശ്യമാണെന്ന് ടിഡിപി നേതാവിനെ പ്രതിനിധീകരിച്ച അഭിഭാഷകർ കോടതിയെ അറിയിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ ഇടക്കാല ജാമ്യം അനുവദിച്ച ബെഞ്ച്, നവംബർ 28നോ അതിനുമുമ്പോ രാജമഹേന്ദ്രവാരം സെൻട്രൽ ജയിൽ സൂപ്രണ്ടിന് മുന്നിൽ ഹാജരാകാൻ മുൻ മുഖ്യമന്ത്രിയോട് നിർദ്ദേശിച്ചു. ഹാജരാകുമ്പോൾ അദ്ദേഹത്തിന് നൽകിയ ചികിത്സയുടെയും, ചികിത്സിച്ച ആശുപത്രിയുടെയും വിശദാംശങ്ങൾ മുദ്രവച്ച കവറിൽ സെൻട്രൽ ജയിൽ സൂപ്രണ്ടിന് നൽകാനും കോടതി ഉത്തരവിട്ടു. സെപ്റ്റംബർ 9നാണ് നായിഡുവിനെ അറസ്‌റ്റ് ചെയ്‌തത്.
അദ്ദേഹം തന്റെ അണികളുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതി കേസിൽ ആന്ധ്രപ്രദേശ് ഹൈക്കോടതി നായിഡുവിന് നാലാഴ്‌ചത്തെ ഇടക്കാല
ജാമ്യം അനുവദിച്ചതോടെയാണ് അദ്ദേഹത്തിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. ആന്ധ്രാപ്രദേശിൽ മാത്രമല്ല, തെലങ്കാനയിൽ നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള ആളുകളും പിന്തുണ അറിയിച്ചതായി നായിഡു പറഞ്ഞു. ആളുകൾ തന്റെ പ്രവർത്തനത്തെ അംഗീകരിക്കുകയും മുഖ്യമന്ത്രിയായിരിക്കെ താൻ അവതരിപ്പിച്ച പദ്ധതികളിൽ നിന്ന് പ്രയോജനം നേടുകയും ചെയ്‌തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.