ഡിഎംകെ നേതാവും തമിഴ്നാട് വൈദ്യുതി മന്ത്രിയുമായ സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിക്ക് അടിയന്തര അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍. ആഞ്ജിയോഗ്രാം പരിശോധനയ്ക്ക് മന്ത്രിയെ വിധേയനാക്കിയെന്നും ഹൃദയധമനികളിൽ മൂന്ന് ബ്ലോക്ക് കണ്ടെത്തിയെന്നും ഉടന്‍ ബൈപ്പാസ് സര്‍ജറിക്ക് വിധേയനാക്കണമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.
അറസ്റ്റിൽ പ്രതിഷേധവുമായി ഡിഎംകെ രംഗത്തെത്തി. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സംസ്ഥാനത്തെ മുതിര്‍ന്ന മന്ത്രിമാരുടെ യോഗം വിളിച്ചു. നിയമവിദഗ്ധരുമായും സ്റ്റാലിന്‍ കൂടിക്കാഴ്ച നടത്തും. അറസ്റ്റ് നിയമവിരുദ്ധമെന്നും നിയമപരമായി നേരിടുമെന്നും ഡിഎംകെ പറഞ്ഞു. ഉദയ്നിധി സ്റ്റാലിൻ ഉൾപ്പെടെയുള്ള മന്ത്രിമാർ ആശുപത്രിയിൽ എത്തി. ബിജെപി വിരട്ടിയാൽ പേടിക്കില്ലെന്ന് ഉദയ്നിധി സ്റ്റാലിൻ പ്രതികരിച്ചു. ബാലാജിയോട് ഇഡി മനുഷ്യത്വരഹിതമായി പെരുമാറിയതെന്തിനെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ ചോദിച്ചു. 2024ൽ ബിജെപി പാഠം പഠിക്കുമെന്നും സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു
മോദി സർക്കാരിന്‍റെ രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സെന്തില്‍ ബാലാജിയെ ആരോഗ്യസ്ഥിതി പരിഗണിക്കാതെ അറസ്റ്റ് ചെയ്തത് മനുഷ്യത്വരഹിതമെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞു. എതിര്‍ക്കുന്നവരോട് പകപ്പോക്കുകയാണെന്നും പ്രതിപക്ഷത്തെ ഒരാളും ബിജെപിയുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പറഞ്ഞു. ഡിഎംകെക്കെതിരായ നടപടിയെ അപലപിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി ഇഡി നീക്കം ബിജെപി നിരാശയിലാണെന്ന് തെളിയിക്കുന്നതാണ് പരിഹസിച്ചു.
ബുധനാഴ്ച മന്ത്രിയുടെ വസതിയില്‍ ഇഡി റെയ്ഡ് നടത്തിയതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്. ഓമണ്ടുരാറിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സെന്തില്‍ ബാലാജി. 17 മണിക്കൂർ ചോദ്യം ചെയ്ത ശേഷം ആണ് ബാലാജിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജോലിക്ക് കോഴ വാങ്ങിയ കേസിലാണ് അറസ്റ്റ്. ജയലളിത സർക്കാരിൽ മന്ത്രിയായിരിക്കെ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. നേരത്തെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ചെന്നൈയിലെ വീടിന് പുറമെ കരൂരിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.