26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ തഹാവൂർ റാണയെ യുഎസ് നാടുകടത്തി. തഹാവൂർ റാണയെ ഉടൻ ഇന്ത്യയിലെത്തിക്കും എന്ന് സൂചന. റാണയെ കൈമാറാൻ അമേരിക്ക സമ്മതിച്ചതിന് പിന്നാലെയാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്.
ഡൽഹിയിലെയും മുംബൈയിലെയും രണ്ട് ജയിലുകളിൽ ഉയർന്ന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിഹാർ ജയിലിൽ റാണയെ പാർപ്പിക്കാൻ സൗകര്യം ഒരുക്കി. മുംബൈയിലെ ഒരു ജയിലിലും തയ്യാറെടുപ്പിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. റാണയെ എത്തിച്ചാൽ, ചോദ്യം ചെയ്യലിന്റെയും അന്വേഷണത്തിന്റെയും ആദ്യ ആഴ്ചകൾക്കായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിൽ വാങ്ങും.
മുംബൈ ഭീകരാക്രമണക്കേസിൽ ഇന്ത്യ തേടുന്ന പാക്ക് വംശജനായ കനേഡിയൻ പൗരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് യുഎസ് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇന്ത്യക്ക് വിട്ടുകൊടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് തഹാവൂർ റാണ നൽകിയ അടിയന്തിര ഹേബിയസ് കോർപസ് ഹർജി യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് തള്ളിക്കൊണ്ടായിരുന്നു യുഎസ് സുപ്രീം കോടതിയുടെ ഉത്തരവ്. ഫെബ്രുവരിയിലാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റാണയെ ഇന്ത്യക്ക് കൈമാറാൻ അനുമതി നൽകിയത്. ഇന്ന് രാത്രിയോ നാളെ പുലർച്ചെയോടെയോ തഹാവൂർ റാണയെ ഉടൻ ഇന്ത്യയിലെത്തിക്കുമെന്നാണ് ലഭ്യമാവുന്ന വിവരം.
യുഎസ് കോടതിയുടെ ശുപാർശകൾക്കനുസൃതമായി, ഡൽഹിയിലെയും മുംബൈയിലെയും രണ്ട് ജയിലുകളിൽ ഉയർന്ന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. റാണയെ എത്തിച്ചാൽ, ചോദ്യം ചെയ്യലിന്റെയും അന്വേഷണത്തിന്റെയും ആദ്യ ആഴ്ചകൾക്കായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിൽ വാങ്ങുമെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെയും എൻഐഎയിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും മേൽനോട്ടത്തിലാണ് കൈമാറൽ നടപടിയെന്ന് വൃത്തങ്ങൾ അറിയിച്ചു.
മുംബൈ ഭീകരാക്രമണ കേസിൽ നേരത്തെ തഹാവൂർ റാണയ്ക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. കനേഡിയൻ പൗരത്വമുള്ള വ്യവസായിയായ തഹാവൂർ റാണ പാക്കിസ്ഥാൻ സ്വദേശിയാണ്. ഭീകരാക്രമണം നടപ്പാക്കാൻ അമേരിക്കൻ പൗരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിക്ക് എല്ലാ സഹായവും നൽകിയത് തഹാവൂർ റാണയാണെന്നാണ് എൻഐഎ കണ്ടെത്തൽ. 2008 നവംബർ 26 നുണ്ടായ മുംബൈ ഭീകരാക്രമണത്തിൽ 6 അമേരിക്കൻ വംശജർ ഉൾപ്പടെ 166 പേരാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാൻ വംശജനായ കനേഡിയൻ ബിസിനസുകാരനായ റാണ, ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ (എൽഇടി) സജീവ പ്രവർത്തകനാണെന്ന് അറിയപ്പെടുന്നു. മുംബൈയിലെ പ്രധാന ലക്ഷ്യങ്ങളിൽ രഹസ്യാന്വേഷണം നടത്തിയ പാകിസ്ഥാൻ-അമേരിക്കൻ വംശജനായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുടെ (ദാവൂദ് ഗിലാനി എന്നറിയപ്പെടുന്ന) യാത്രാ രേഖകൾ ലഭ്യമാക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു.
പാകിസ്ഥാന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) ഏജൻസിയുടെ ലോജിസ്റ്റിക്കൽ, തന്ത്രപരമായ പിന്തുണയോടെ ലഷ്കർ ഇ തൊയ്ബ ഭീകരർ പിന്നീട് ഈ സ്ഥലങ്ങൾ ആക്രമിച്ചു. 2008 നവംബർ 11 നും 21 നും ഇടയിൽ ദുബായ് വഴി റാണ മുംബൈയിലേക്ക് യാത്ര ചെയ്തതായി റിപ്പോർട്ടുണ്ട്. പവൈയിലെ ഹോട്ടൽ റിനൈസൻസിൽ താമസിക്കുന്നതിനിടെ ആക്രമണങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ അദ്ദേഹം ചെയ്തതായാണ് കണ്ടെത്തിയത്.