മഥുര കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോടു ചേർന്നുള്ള ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവേ നടത്തി പള്ളി പൊളിച്ചു നീക്കണമെന്നുള്ള പൊതുതാല്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. പള്ളി പൊളിച്ചു മാറ്റുന്നതിനോടൊപ്പം തന്നെ കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോടു ചേർന്നുള്ള പള്ളിയിൽ ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേ നടത്താൻ നിർദേശിക്കണമെന്നും സർവ്വേയില്‍ ആവശ്യപ്പെട്ടിരുന്നു.
സുപ്രീം കോടതി അഭിഭാഷകനായ മഹേക് മഹേശ്വരിയാണ് ഹർജി നൽകിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി സിവില്‍ ഹര്‍ജികളുള്ളതിനാല്‍ പൊതുതാല്പര്യ ഹര്‍ജിയായി ആവശ്യം പരിഗണിക്കാനാവില്ലെന്ന് ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. സിവില്‍ ഹര്‍ജി നല്‍കാമെന്നും അഭിഭാഷകനായ മഹേക്ക് മഹേശ്വരിയോടു കോടതി പറഞ്ഞു. ഭാവിയില്‍ ഇത്തരം ഹര്‍ജിയുമായി വരരുതെന്നും ഹര്‍ജിക്കാരനോട് സുപ്രീംകോടതി പറഞ്ഞു. ഇസ്ലാം മത വിശ്വാസ പ്രകാരം പള്ളി അനിവാര്യമല്ലെന്നും ഹർജിക്കാരന്‍ വാദിച്ചിരുന്നു.
ഉത്തര്‍പ്രദേശിലെ മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വേ നടത്താന്‍ അലഹബാദ് ഹൈക്കോടതി മുൻപ് അനുമതി നൽകിയിരുന്നു. ശ്രീകൃഷ്ണന്‍ ജനിച്ച സ്ഥലത്താണ് മുഗള്‍ ഭരണാധികാരിയായ ഔറംഗസീബ് ഷാഹി ഈദ്ഗാഹ് പള്ളി നിര്‍മിച്ചതെന്നാണ് സർവേ ആവശ്യപ്പെടുന്നവരുടെ പ്രധാന അവകാശവാദം. 17ാം നൂറ്റാണ്ടിലാണ് ഷാഹി ഈദ്ഗാഹ് പള്ളി നിര്‍മിച്ചത്. പള്ളിയും ക്ഷേത്രവും നില്‍ക്കുന്ന 13.37 ഏക്കര്‍ സ്ഥലം മൊത്തമായി ക്ഷേത്രത്തിന് വിട്ടുകൊടുക്കണമെന്നും ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും അവകാശപ്പെട്ടാണ് ശ്രീകൃഷ്ണ ജന്‍മഭൂമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹൈന്ദവ വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്.