മണിപ്പൂര്‍ വിഷയത്തില്‍ കര്‍ശന ഇടപെടലുമായി സുപ്രീംകോടതി. പ്രത്യേക സമിതിയെ നിയോഗിച്ചു മുൻ ഹൈക്കോടതി ജഡ്ജി ഗീതാ മിത്തൽ അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചു. സമിതിക്ക് മതിയായ സുരക്ഷ ഒരുക്കാൻ മണിപ്പൂർ സർക്കാരിന് സുപ്രീംകോടതി നിർദ്ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് മുന്‍ ഹൈക്കോടതി ജഡ്ജിമാരുടെ ഈ സമിതി സിബിഐയും, പൊലീസും അന്വേഷിക്കുന്നത് ഒഴികെയുള്ള കേസുകള്‍ പരിശോധിക്കും. അക്രമ സംഭവങ്ങള്‍ അന്വേഷിക്കുന്നതിനൊപ്പം സംസ്ഥാനത്ത് മനുഷ്യാവകാശം ഒരുക്കാനും ഇവര്‍ക്ക് നിര്‍ദ്ദേശമുണ്ട്. സ്ത്രീകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ സമിതി നിരീക്ഷിക്കും.
ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ഗീതാ മിത്തല്‍, ജസ്റ്റിസ് ആഷാ മേനോന്‍, ജസ്റ്റിസ് ശാലിനി പന്‍സകര്‍ ജോഷി എന്നിവരടങ്ങുന്ന മൂന്നംഗ ജുഡീഷ്യല്‍ അന്വേഷണ സമിതിക്കാണ് സുപ്രീം കോടതി രൂപം നല്‍കിയത്. മനുഷ്യാവകാശ വിഷയങ്ങൾ, ക്യാമ്പുകളിലെ സാഹചര്യം, പുനരധിവാസം എന്നിവയെ സംബന്ധിച്ച് സമിതി കോടതിയില്‍ റിപ്പോർട്ട് സമര്‍പ്പിക്കും. പ്രത്യേക അന്വേഷണ സംഘങ്ങൾക്ക് മേൽനോട്ടത്തിനും കോടതിയെ സഹായിക്കാനും മുൻ ഐപിഎസ് ഉദ്യോഗസ്ഥനെയും നിയോഗിക്കും.
കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ 6 ജില്ലകളില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി 6 എസ്‌ഐടി രൂപീകരിച്ചതായി മണിപ്പൂര്‍ സര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ പറഞ്ഞു. അക്രമം, അശാന്തി, വിദ്വേഷം എന്നിവയ്ക്കിടെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കായി വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ടീമുകള്‍ രൂപീകരിക്കുന്നുണ്ട്. നടപടിയെടുക്കാത്തതിന് ഉദ്യോഗസ്ഥരെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ഐപിസി 166 എ വകുപ്പ് പ്രകാരം പോലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷക വൃന്ദ ഗ്രോവര്‍ വാദിച്ചു.