കണ്ണൂരിൽ ന്യൂ മാഹി പെരിങ്ങാടിയിൽ തലശ്ശേരി-മാഹി ബൈപ്പാസിന്റെ സർവീസ് റോഡരികിൽ നിന്നും സ്റ്റീൽ ബോംബ് കണ്ടെത്തി. ഇന്നലെ കൂത്തുപറമ്പിലും സ്റ്റീൽ ബോംബുകൾ കണ്ടെടുത്തിരുന്നു. കിണറ്റിന്റവിട ആമ്പിലാട് റോഡിൽ ആളൊഴിഞ്ഞ പറമ്പിൽനിന്നാണ് ബോംബുകൾ കണ്ടെത്തിയത്. ഉഗ്രശേഷിയുള്ള ബോംബുകളാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ പാനൂർ ചെണ്ടയാട് റോഡിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. പൊട്ടിയത് ഏറുപടക്കമെന്നാണ് പൊലീസ് പറയുന്നത്. ആരാണ് ഇത് എറിഞ്ഞ് പൊട്ടിച്ചതെന്ന് വ്യക്തമല്ല. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. പ്രദേശത്തെ ഒരു വീടിന് നേരെ മാസങ്ങൾക്ക് മുമ്പ് ബോംബേറുണ്ടായിരുന്നു.
തലശ്ശേരി എരഞ്ഞോളിയിൽ രണ്ടുദിവസം മുൻപ് ബോംബ് പൊട്ടി വേലായുധൻ (80) എന്ന വയോധികൻ കൊല്ലപ്പെട്ടിരുന്നു. വീടിനോട് ചേർന്നുള്ള പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു സ്ഫോടനം. പറമ്പിൽനിന്ന് കിട്ടിയ വസ്തു ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന് പിന്നാലെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ബോംബ് കണ്ടെത്തിയത്. കൂത്തുപറമ്പ്, തലശ്ശേരി, മാഹി, മട്ടന്നൂർ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും തെരച്ചിൽ നടത്തിയത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള അഞ്ച് ബോംബ് സ്‌ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന.