2024 ഏപ്രിലിൽ കർണാടകയിൽ ഒഴിവ് വരുന്ന നാല് രാജ്യസഭാ സീറ്റുകളിൽ ഒന്നിൽ സോണിയാ ഗാന്ധി മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. ബംഗളൂരുവിൽ നടന്ന പ്രതിപക്ഷ നേതൃയോഗത്തിന് എത്തിയപ്പോഴായിരുന്നു ഇത് സംബന്ധിച്ച ചർച്ചകൾ നടന്നത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇത്തരമൊരു നിർദേശം മുന്നോട്ട് വച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ആറു മാസത്തിനുള്ളിൽ കർണാടകയിലെ നാലു രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്, സോണിയ ഇത്തവണ രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന സൂചനകൾ പുറത്തുവരുന്നത്. സോണിയ രാജ്യസഭ തിരഞ്ഞെടുത്താൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ സോണിയയുടെ മണ്ഡലമായ റായ്ബറേലിയിൽനിന്ന് പ്രിയങ്ക മത്സരിക്കുമെന്നാണ് വിവരം.
അടുത്തിടെ പ്രതിപക്ഷ നേതൃ യോഗത്തിൽ പങ്കെടുക്കാനായി ബെംഗളൂരുവിൽ എത്തിയ സമയത്താണ്, മുഖ്യമന്ത്രി സിദ്ധരാമയ്യ സോണിയയോട് കർണാടകയിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കാൻ ആവശ്യപ്പെട്ടത്. സോണിയ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചില്ലെങ്കിലും, അവർ ഇവിടെനിന്ന് മത്സരിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ഇപ്പോഴത്തെ ഔദ്യോഗിക വസതിയായ 10 ജൻപഥ് നിലനിർത്താൻ സോണിയയ്ക്ക് കഴിയും. 1989ൽ രാജീവ് ഗാന്ധി പ്രതിപക്ഷ നേതാവെന്ന നിലയിൽ ഇവിടെയെത്തിയതു മുതൽ സോണിയയുടെ താമസം ഈ വസതിയിലാണ്.
കർണാടകയിൽ നിന്നുള്ള ജിസി ചന്ദ്രശേഖർ, സയ്യിദ് നസീർ ഹുസൈൻ, എൽ ഹനുമന്തയ്യ (കോൺഗ്രസ്), രാജീവ് ചന്ദ്രശേഖർ (ബിജെപി) എന്നിവരുടെ കാലാവധി ഏപ്രിൽ 2, 2024 ന് അവസാനിക്കും. നസീർ ഹുസൈന് കോൺഗ്രസ് രണ്ടാമൂഴം നൽകിയേക്കും. എഐസിസി വക്താവ് സുപ്രിയ ശ്രീനേതിനും സീറ്റ് നൽകാൻ സാധ്യതയുണ്ട്. മൂന്നാം സീറ്റിൽ സോണിയ മത്സരിക്കും എന്നാണ് സൂചന.