അരിക്കൊമ്പൻ എവിടെ എന്നുള്ള ആശങ്കകൾക്കൊടുവിൽ അരിക്കൊമ്പന്റെ ശരീരത്തില്‍ ഘടിപ്പിച്ച റേഡിയോകോളറിൽ നിന്നുള്ള സിഗ്നലുകൾ കിട്ടി. ഇന്ന് രാവിലെ അരിക്കൊമ്പൻ റേഞ്ചിലെത്തി. ആന കേരള- തമിഴ്‌നാട് അതിര്‍ത്തിയിലുണ്ടെന്ന് കണ്ടെത്തി. അതിര്‍ത്തി മേഖലയിലൂടെ അരിക്കൊമ്പന്‍ സഞ്ചരിക്കുകയാണ്. പത്തു സ്ഥലങ്ങളില്‍ നിന്നുള്ള സിഗ്നലാണ് ലഭിച്ചത്. റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ വനംവകുപ്പിന് നഷ്ടമായതിനെ തുടർന്ന് ആനയെ കണ്ടെത്തുന്ന ആശങ്കയിലായിരുന്നു ഉദ്യോഗസ്ഥർ.
ഇന്നലെ ഉച്ചയ്ക്കാണ് അരിക്കൊമ്പന്റെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറിൽ നിന്ന് അവസാനമായി സിഗ്നൽ ലഭിച്ചത്. ഇന്നലെ ഉച്ചയ്ക്ക് തമിഴ്‌നാട് വനമേഖലയിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് ഉണ്ടായിരുന്നത്. മേഘാവൃതമായ കാലാവസ്‌ഥയും ഇടതൂർന്ന വനവും ആണെങ്കിൽ സിഗ്നൽ ലഭിക്കാൻ കാലതാമസം ഉണ്ടാകും ഇതും അരിക്കൊമ്പൻ എവിടെയാണ് എന്നത് കണ്ടെത്താൻ പ്രയാസമായി. കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ ഇടുക്കിയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ ഉണ്ടായിരുന്നു. ഇതാകാം സിഗ്നൽ നഷ്ടമാകാൻ കാരണമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.സാങ്കേതിക പ്രശ്നം പരിഹരിക്കാൻ ഡബ്ല്യുഡബ്ല്യുഎഫിനോട് വനം വകുപ്പ് ആവശ്യപ്പെട്ടു.
ഇന്നലെ മാത്രം ഏഴ് കിലോമീറ്ററോളം ആന സഞ്ചരിച്ചിട്ടുണ്ട്. ഇതുവരെ ജനവാസമേഖലയിലേക്ക് ആന ഇറങ്ങിയിട്ടില്ല.. മയക്കുവെടിയേറ്റതിന്റെയും ലോറിയിൽ സഞ്ചരിച്ചതിൻ്റെയും ക്ഷീണമുള്ളതിനാൽ അധികദൂരം സഞ്ചരിക്കാനിടയില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.