സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂരിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വഞ്ചിയൂരുള്ള ഫ്ലാറ്റിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 59 വയസ്സായിരുന്നു. ഭാര്യക്കൊപ്പം വഞ്ചിയൂരിലെ ഫ്ളാറ്റിലായിരുന്നു താമസം. ഭാര്യ ഇന്നലെ നാട്ടില്‍ പോയിരുന്നു. ഇന്ന് ഉച്ചയായിട്ടും ഭാര്യക്കും ബന്ധുക്കള്‍ക്കും ഫോണില്‍ കിട്ടിയില്ല. തുടര്‍ന്ന് പൊലീസെത്തി ഫ്ളാറ്റ് തള്ളിത്തുറന്നപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂയെന്ന് പൊലീസ് അറിയിച്ചു.
കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനാണ്. നിരവധി ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്‌തു. കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാരത് ഭവൻ മുൻ മെംബർ സെക്രട്ടറിയായിരുന്നു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ഉദ്യോഗസ്ഥനായിരുന്നു.
1963 ൽ പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിലാണ് സതീഷ് ബാബു ജനിച്ചത്. കാഞ്ഞങ്ങാട് നെഹ്‌റു കോളജിലും പയ്യന്നൂരിലെ കോളജിലും പഠിക്കുന്ന കാലത്തുതന്നെ എഴുത്തിൽ സജീവമായിരുന്നു. വിദ്യാഭ്യാസത്തിനു ശേഷം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ഉദ്യോഗസ്ഥനായി. 2001 ൽ ബാങ്ക് ജോലി ഉപേക്ഷിച്ച് ദൃശ്യമാധ്യമരംഗത്തെത്തി. പനോരമ എന്ന സ്വന്തം സ്ഥാപനത്തിലൂടെ ടെലിവിഷൻ ഷോകൾ നിർമിച്ച് അവതരിപ്പിച്ചു. വൃശ്ചികം വന്നു വിളിച്ചു, പേരമരം, ചില സിലിക്കൺ നിനവുകൾ, കുടമണികൾ കിലുങ്ങിയ രാവിൽ, മണ്ണ്, എകാന്ത രാത്രികൾ, ഉൾഖനനങ്ങൾ, കലികാൽ, വിലാപവൃക്ഷത്തിലെ കാറ്റ്, തുടങ്ങിയവയാണ് പ്രധാന രചനകൾ. 2012 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം (പേരമരം), കാരൂർ പുരസ്കാരം, മലയാറ്റൂർ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട് .