ശബരിമല സ്വര്‍ണ കൊള്ളയിൽ മുൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാറിനെ വീണ്ടും പ്രതി ചേര്‍ത്തു. ശബരിമലയിലെ ദ്വാരപാലക ശിൽപ്പ പാളി കേസിലാണ് സിപിഎം നേതാവ് കൂടിയായ എ പത്മകുമാറിനെ എസ്ഐടി പ്രതി ചേര്‍ത്തത്. ഈ കേസിൽ പത്മകുമാറിന്‍റെ അറസ്റ്റും രേഖപ്പെടുത്തി. ചൊവ്വാഴ്ച ജയിലിലെത്തിയാണ് അന്വേഷണ സംഘം പത്മകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ സ്വര്‍ണ കട്ടിളപ്പാളി കേസിലാണ് പത്മകുമാറിനെ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തിരുന്നത്. ഇതോടെ ശബരിമല സ്വര്‍ണ കൊള്ളയിലെ രണ്ടു കേസിലും പത്മകുമാര്‍ പ്രതിയായി. 2019ല്‍ ദ്വാരപാലക ശിൽപ്പങ്ങളുടെ പാളി കടത്തികൊണ്ടുപോയി സ്വര്‍ണം മോഷ്ടിച്ച കേസിലാണ് ഇപ്പോള്‍ പത്മകുമാറിനെയും പ്രതി ചേര്‍ത്തിരിക്കുന്നത്. ദ്വാരപാലക ശിൽപ്പ പാളികളിലെ സ്വര്‍ണം ചെമ്പായി രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിച്ചെന്നാണ് എസ്ഐടി കണ്ടെത്തൽ.
അതേസമയം പത്മകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. ഡിസംബർ 18 വരെയ 14 ദിവസത്തേക്കാണ് റിമാന്‍ഡ്. ഡിസംബർ 8 ന് എ പത്മകുമാറിൻ്റെ ജാമ്യപേക്ഷ കോടതി പരിഗണിക്കും. പത്മകുമാറിന്‍റെ റിമാന്‍ഡ് കാലാവധി നീട്ടുന്നത്തിനായി കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റിമാന്‍ഡ് ചെയ്തത്. കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി.
നിയാഴ്ചയാണ് കൊല്ലം വിജിലന്‍സ് കോടതിയിൽ എ പത്മകുമാര്‍ ജാമ്യാപേക്ഷ നൽകിയത്. രണ്ടാമത്തെ കേസിലും പ്രതി ചേര്‍ത്തേതാടെ പത്മകുമാറിന് കേസിൽ കൂടുതൽ കുരുക്കാകും. ജാമ്യ ഹര്‍ജിയെ അടക്കം രണ്ടാമത്തെ കേസ് അടക്കം ചൂണ്ടികാണിച്ച് പ്രോസിക്യൂഷൻ എതിര്‍ത്തേക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൽ ഒപ്പമുണ്ടായിരുന്ന മറ്റു അംഗങ്ങളെ കൂടി പ്രതിക്കൂട്ടിലാക്കുന്നതാണ് പത്മകുമാറിന്‍റെ ജാമ്യ ഹര്‍ജി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശിയ കട്ടിളപാളികൾ കൈമാറിയത് ഉള്‍പ്പെടെ എല്ലാകാര്യവും കൂട്ടായെടുത്ത തീരുമാനമെന്നാണ് പത്മകുമാര്‍ ജാമ്യ ഹര്‍ജിയിൽ പറയുന്നത്. മിനുട്സിൽ ചെമ്പ് എന്നെഴുതിയത് ബോർഡ് അംഗങ്ങളുടെ അറിവോടെയാണെന്നും പത്മകുമാർ പറയുന്നു. മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുന്നതിലെ എതിർപ്പാണ് ജാമ്യ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. വീഴ്ച പറ്റിയെങ്കിൽ എല്ലാവർക്കും ഒരേ പോലെ ബാധ്യതയുണ്ടെന്നും തന്നെ മാത്രം വേട്ടയാടുന്നതിലെ അമർഷം കൂടിയാണ് പത്മകുമാർ ജാമ്യ ഹർജിയിൽ വ്യക്തമാക്കുന്നത്. എന്നാൽ, ഇന്ന് പുതിയ കേസ് കൂടി എടുത്തതോടെ പത്മകുമാര്‍ ജാമ്യ ഹര്‍ജിയിലെ വാദത്തിലെടുക്കുന്ന നിലപാടും നിര്‍ണായകമാകും.
ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ നാലാം പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറിയായ എസ് ജയശ്രീയുടെയും ആറാം പ്രതിയായ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിനും മുന്‍കൂര്‍ ജാമ്യമില്ല. രണ്ട് പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ശബരിമല സ്വര്‍ണ കൊള്ള കേസിൽ പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. ശബരില സ്വര്‍ണ കൊള്ള കേസിലെ ആറാം പ്രതിയാണ് എസ് ശ്രീകുമാർ. സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ 2019ലിറക്കിയ ഉത്തരവുമായി ഇതുമായി ബന്ധപ്പെട്ട മഹസറിൽ ശ്രീകുമാർ ആണ് ഒപ്പിട്ടത്. ശ്രീകുമാറിനെ ജാമ്യം നൽകുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും ചോദ്യം ചെയ്യൽ കേസ് അന്വേഷണത്തിൽ നിര്‍ണായകമാണെന്നും അന്വേഷണ സംഘം വാദിച്ചു. ഇത് പരിഗണിച്ചാണ് മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ഇതിനിടെ, സ്വര്‍ണ കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി.

