വന്ദേഭാരതില്‍ ആർഎസ്എസ് ഗണഗീതം പാടിയത് നിഷ്കളങ്കമായി കാണാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആലപിച്ചത് ദേശഭക്തി ഗാനമല്ല. ഔദ്യോഗിക പരിപാടിയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം. അത് ഡി.കെ ശിവകുമാർ ചെയ്താലും തെറ്റ്. കേരളം ഇത് അനുവദിക്കാന്‍ പാടില്ലെന്നും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസ് ഗീതം ആർഎസ്എസ് വേദിയിൽ പാടിയാൽ മതി. സ്കൂളിന് എതിരെ നടപടി വേണം. ഔദ്യോഗിക ചടങ്ങിൽ ഗണഗീതം പാടാൻ അനുവദിക്കരുത്. കുട്ടികൾ നിഷങ്കളങ്കമായി പാടിയതല്ല പിന്നിൽ ആളുകളുണ്ടെന്നും പ്രതിപക്ഷ നേതാവ്. അതിദരിദ്രരില്ലെന്ന് പറയുന്ന മന്ത്രിമാർ അട്ടപ്പാടിയില്‍ പോയി നോക്കണം. സർക്കാർ വെറുതേ പുറംമേനി നടിക്കുകയാണ്. നവകേരള സർവേ എന്ന പേരില്‍ സർക്കാർ ചെലവിൽ പാർട്ടി സ്ക്വാഡ് പ്രവർത്തനം നടത്തുന്നെന്ന് വി.ഡി സതീശൻ വിമർശിച്ചു. സർക്കാർ ചെലവിൽ സർവെ നടത്താൻ അനുവദിക്കില്ല. സർക്കാർ സർവേക്ക് എന്തിനാണ് പാർട്ടി സർക്കുലർ. നാട്ടുകാരുടെ പണമെടുത്ത് രാഷ്ട്രീയ പ്രവർത്തനം നടത്താൻ അനുവദിക്കില്ല. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ആരോഗ്യവകുപ്പ് മന്ത്രി രാജിവച്ച് ഇറങ്ങി പോകണം, സിസ്റ്റത്തിൻ്റെ തകരാർ എന്നാണ് മന്ത്രി പറയുന്നത്, സിസ്റ്റം ഇങ്ങനെ ആക്കിയത് ആരാണെന്നും കേരളത്തിലെ ആരോഗ്യവകുപ്പ് വെൻ്റിലേറ്ററിലാണെന്നും അദ്ദേഹം പറഞ്ഞു.

