സംസ്ഥാന സർക്കാരിന്റെ പുതിയ തിരുവനന്തപുരം-കാസർകോട് ആർആർടിഎസ് പദ്ധതിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ‘മെട്രോമാൻ’ ഇ. ശ്രീധരൻ. ആർആർടിഎസ് എന്നത് വെറും സമയനഷ്ടമാണെന്നും കേരളത്തിൽ ഇത് ഒട്ടും പ്രായോഗികമല്ലെന്നും മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ ഈ നീക്കം വെറും തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും അദ്ദേഹം ആഞ്ഞടിച്ചു.
അതിവേഗ റെയിൽവേയുമായി താരതമ്യം ചെയ്യുമ്പോൾ ആർആർടിഎസ് ഒന്നിനും കൊള്ളാത്ത പദ്ധതിയാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ചെങ്ങന്നൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഭാഗത്ത് വേണമെങ്കിൽ ഇത് നടപ്പിലാക്കാം, എന്നാൽ അതിനപ്പുറത്തേക്ക് വേഗത നിലനിർത്താൻ കഴിയില്ല. സർക്കാരിന് ഇതിൽ മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടോ എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതിവേഗ റെയിൽവേ എന്നത് ഇടതു സർക്കാരിന്റെ തന്നെ പഴയ ആശയമായിരുന്നുവെന്നും ജപ്പാനിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടെ ഇതിനായി എത്തിച്ചിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നേരത്തെ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ അദ്ദേഹം തൃപ്തി പ്രകടിപ്പിക്കുകയും മുതിർന്ന ഉദ്യോഗസ്ഥർ തന്നെ വന്ന് കാണുകയും ചെയ്തിരുന്നു. എന്നാൽ കേന്ദ്രത്തിന് ഒരു കത്തെഴുതാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ല. ഇതിനാലാണ് താൻ തന്നെ നേരിട്ട് രംഗത്തിറങ്ങിയതെന്നും ഇ. ശ്രീധരൻ വെളിപ്പെടുത്തി. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി പ്രഖ്യാപനങ്ങൾ നടത്തിയാൽ മാത്രം പോരെന്നും സ്ഥലം ഏറ്റെടുക്കുന്ന ഘട്ടമെത്തുമ്പോൾ ഈ സർക്കാർ തന്നെ അധികാരത്തിൽ കാണുമോ എന്ന് സംശയമാണെന്നും അദ്ദേഹം പരിഹസിച്ചു.

