തിരുന്നവനന്തപുരം മാനവീയം വീഥിയില്‍ നൈറ്റ് ലൈഫിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പൊലീസ്. മാനവീയത്തിൽ രാത്രി 10 മണിക്ക് ശേഷം വാദ്യോപകരണങ്ങളും ഉച്ചഭാഷിണിയും ഒഴിവാക്കണമെന്നാണ് നിർദ്ദേശം. അതേസമയം മാനവീയം വീഥിയിലെ നൈറ്റ് ലൈഫിന് തടസ്സമുണ്ടാകില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു പറഞ്ഞു. ലഹരി ഉപയോഗിക്കുന്നവർ കടന്നു കയറുന്നുണ്ടോ എന്ന് പരിശോധനകൾ നടത്തും. രാത്രി 10 മണിക്ക് ശേഷം ഉച്ചഭാഷിണി ഉപയോഗിച്ചുള്ള വിനോദങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുമെന്നും സി എച്ച് നാഗരാജു വ്യക്തിമാക്കി. രാത്രി 12 മണി കഴിഞ്ഞാൽ മാനവീയം വീഥി വിട്ട് ആളുകള്‍ പോകണമെന്ന് നിർദ്ദേശിക്കുമെന്നും പൊലീസ് അറിയിച്ചു. തുടര്‍ച്ചയായി സംഘര്‍ഷങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് പൊലീസിന്‍റെ തീരുമാനം.
തലസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് പദ്ധതി നടപ്പാക്കിയ ഇടമാണ് വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിലെ മാനവീയം വീഥി. നൈറ്റ് ലൈഫ് ആരംഭിച്ചതിനു പിന്നാലെ മാനവീയം വീഥിയിൽ സംഘർഷങ്ങൾ പതിവായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ പൊലീസിന് നേരെ കല്ലെറിയുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കല്ലെറിഞ്ഞ ആളുൾപ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നെട്ടയം സ്വദേശി രാജിക്കാണ് കല്ലേറിൽ പരിക്കേറ്റത്.
മൈക്ക് ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് അറിയുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാനവീയം വീഥിയിൽ ഉണ്ടാകുന്ന അഞ്ചാമത്തെ സംഘർഷമാണിത്. മദ്യപിച്ച് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി ആഘോഷിക്കുന്നതല്ല നൈറ്റ് ലൈഫ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.