ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെ പൂർണമായി നശിപ്പിക്കുമെന്ന് ഹമാസിന് അന്ത്യശാസനം നൽകി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഗാസയിലെ ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കണമെന്നും അല്ലെങ്കിൽ “പിന്നീട് നരകം അനുഭവിക്കേണ്ടിവരുമെന്നുമാണ് ഹമാസിന് ട്രംപിൻ്റെ മുന്നറിയിപ്പ്. ഗാസയിൽ തടവിലാക്കപ്പെട്ട ബന്ദികളെ സംബന്ധിച്ച് യുഎസ് ഹമാസുമായി നേരിട്ട് ചർച്ച നടത്തിയതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ട്രംപിൻ്റെ പ്രതികരണം. ഇസ്രയേലിന് അമേരിക്ക എല്ലാ സഹായവും നൽകും. ഗാസയിൽ നിന്ന് ഹമാസ് നേതൃത്വം ഒഴിഞ്ഞുപോകണം. തന്നെ അനുസരിച്ചില്ലെങ്കിൽ ഹമാസിന്‍റെ ഒരു അംഗം പോലും സുരക്ഷിതമായിരിക്കില്ലെന്നും സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.
“‘ശാലോം ഹമാസ്’ എന്നാൽ ഹലോ, വിട – നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഇപ്പോൾ തന്നെ എല്ലാ ബന്ദികളെയും മോചിപ്പിക്കുക, പിന്നീട് അല്ല, നിങ്ങൾ കൊന്ന ആളുകളുടെ എല്ലാ മൃതദേഹങ്ങളും ഉടൻ തിരികെ നൽകുക, അല്ലെങ്കിൽ നിങ്ങൾക്ക് എല്ലാം കഴിഞ്ഞു. രോഗികളും വികലാംഗർക്കും മാത്രമേ മൃതദേഹങ്ങൾ സൂക്ഷിക്കാൻ കഴിയൂ, നിങ്ങൾ രോഗബാധിതരും വികലാംഗർക്കും ആണ്! ജോലി പൂർത്തിയാക്കാൻ ആവശ്യമായതെല്ലാം ഞാൻ ഇസ്രായേലിന് അയയ്ക്കുന്നു, ഞാൻ പറയുന്നത് പോലെ നിങ്ങൾ ചെയ്തില്ലെങ്കിൽ ഒരു ഹമാസ് അംഗം പോലും സുരക്ഷിതനായിരിക്കില്ല,” അദ്ദേഹം പറഞ്ഞു.
ഹമാസുമായി ചർച്ച നടത്തുമെന്ന് വൈറ്റ് ഹൌസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്‍റെ അന്ത്യശാസനം. ഇതുവരെ വൈറ്റ് ഹൌസ് നേരിട്ട് ഹമാസുമായി ആശയവിനിമയം നടത്തിയിരുന്നില്ല. ഹമാസിനെ അമേരിക്ക ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനാലാണ് ഇത്. എന്നാൽ ഈ കീഴ്‍വഴക്കം ലംഘിച്ചാണ് വൈറ്റ് ഹൌസ് ഹമാസുമായി നേരിട്ട് ചർച്ച നടത്തുന്നത്. നിങ്ങൾ കൊലപ്പെടുത്തിയവർ ഉണ്ടെങ്കിൽ അവരുടെ മൃതദേഹം വിട്ടുനൽകണമെന്നും ട്രംപ് ഹമാസിനോട് ആവശ്യപ്പെട്ടു.
അതിനിടെ ഗാസ ഏറ്റെടുക്കാനുള്ള ട്രംപിന്‍റെ നീക്കത്തിന് ബദലായി ഈജിപ്ത് അവതരിപ്പിച്ച ഗാസ പുനർനിർമ്മാണ പദ്ധതി അംഗീകരിച്ചിരിക്കുകയാണ് അറബ് രാഷ്ട്രങ്ങൾ. ജനങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നതാണ് പദ്ധതിയുടെ സ്വീകാര്യതക്കുള്ള പ്രധാന കാരണം. 5300 കോടി ഡോളറിന്‍റെ ഗാസ പുനർനിർമ്മാണ പദ്ധതിയും കെയ്റോയിൽ ചേർന്ന അറബ് അടിയന്തര ഉച്ചകോടി പ്രഖ്യാപിച്ചു. യുദ്ധക്കുറ്റങ്ങളിലും ആക്രമണങ്ങളിലും ഇസ്രേലിനെതിരെ ശക്തമായ നിലപാടും അറബ് ഉച്ചകോടി കൈക്കൊണ്ടു. സ്വതന്ത്ര പലസ്തീൻ മാത്രമാണ് ഗാസയിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്ന് അറബ് രാഷ്ട്രങ്ങളൊന്നായി ആവർത്തിച്ചു.
രണ്ട് ഘട്ടങ്ങളിലായി 4 ലക്ഷം വീടുകൾ നിർമ്മിക്കാനാണ് പദ്ധതി. അന്താരാഷ്ട്ര സമൂഹത്തിന്‍റെ സഹായത്തോടെ ഫണ്ടെത്തിക്കും. അനാഥരായ 40,000 കുട്ടികൾക്കായി പ്രത്യേക ഫണ്ട് ഉറപ്പാക്കും. ഇസ്രയേൽ സേന മേഖലയിൽ നിന്ന് പൂർണമായി പിൻവാങ്ങണം. ഉചിതമായ സമയത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടത്തും. പുതിയ നേതൃത്വം വരുന്നത് വരെ ഗാസയിലെ ഭരണം കൈകാര്യം ചെയ്യാൻ അഡ്മിനിയേട്രേഷൻ കമ്മിറ്റി രൂപീകരിക്കും. ഇതിന് യോഗ്യരായവരെ തെരഞ്ഞെടുക്കുമെന്നും പുനർനിർമ്മാണ പദ്ധതിയിൽ പറയുന്നു.