ഭഗവാൻ ശ്രീരാമന്റെ ജനനം ആഘോഷിക്കുന്ന ഉത്സവമാണ് രാമനവമി. ഉത്തരേന്ത്യയിൽ ആണ് പ്രധാനമായും രാമനവമി ആഘോഷം നടക്കുക. ശോഭയാത്രകൾ അടക്കം വിപുലമായ പരിപാടികളാണ് ആഘോഷത്തോട് അനുബന്ധിച്ച് നടക്കുക. അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകളിൽ പ്രതിഷ്ഠയുടെ നെറ്റിയിൽ സൂര്യ രശ്മി പതിക്കുന്ന സൂര്യ അഭിഷേക് അഥവാ സൂര്യ തിലക് ചടങ്ങും ഇന്ന് നടക്കും. ശ്രീരാമന്റെ പിറവിയെ ആദരിക്കുന്ന പ്രത്യേക ചടങ്ങുകളിൽ പ്രധാനപ്പെട്ടതാണ് സൂര്യ തിലക്.
അയോധ്യ ക്ഷേത്രത്തിൽ രാവിലെ 9.30 തന്നെ സൂര്യതിലക് അനുബന്ധിയായ ചടങ്ങുകൾ ക്ഷേത്രത്തിൽ നടന്നു. ഹൈ ക്വാളിറ്റി കണ്ണാടികളുടേയും ലെൻസുകളുടേയും സഹായത്തോടെയാണ് സൂര്യ രശ്മികൾ പ്രതിഷ്ഠയുടെ നെറ്റിയിൽ പതിപ്പിക്കുകയാണ് ചെയ്യുക.
കഴിഞ്ഞ വർഷം ഈ ചടങ്ങിന് ദൃക്സാക്ഷിയാവാനായി ലക്ഷക്കണക്കിന് വിശ്വാസികളാണ് രാമക്ഷേത്രത്തിലേക്ക് എത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാവും ചടങ്ങ്.
ശ്രീ രാമനെ മര്യാദാ പുരുഷോത്തമനായും നന്മയുടെ ദൈവമായും കരുതുന്നു. ശ്രീരാമന്റെ ജനനം ആഘോഷിക്കുന്ന ഉത്സവമാണ് രാമനവമി. അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥന് പട്ടമഹിഷിയായ കൗസല്യയിൽ ജനിച്ച ആദ്യ പുത്രനാണ് രാമൻ. ചൈത്ര മാസത്തിന്റെ ഒമ്പതാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായാണ് ശ്രീരാമനെ കാണുന്നത്. എല്ലാ വർഷവും ചെെത്ര നവരാത്രിയുടെ അവസാന ദിവസം ആഘോഷിക്കാറുള്ള രാമനവമി ഹിന്ദുമത വിശ്വാസികൾ ഉപവാസം അനുഷ്ഠിച്ച് ആചരിക്കുന്നു. ഈ ദിവസം ശ്രീരാമനെ ആരാധിക്കുകയും ഉപവസിക്കുകയും ചെയ്യുന്ന വ്യക്തിക്ക് എല്ലാ പാപങ്ങളിൽ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം. ഐഹികജീവിതത്തിൽ പ്രശ്നങ്ങളോട് മല്ലിടുന്ന ഭക്തർക്ക് തീർച്ചയായും ശ്രീരാമനെ ഭജിക്കുന്നതിലൂടെ ഫലം ലഭിക്കുകയും അവരുടെ എല്ലാ ആഗ്രഹങ്ങൾ നിറവേറ്റപ്പെടുകയും ചെയ്യുന്നു.
ഈ ദിവസത്തിൽ ക്ഷേത്രങ്ങൾ ഭംഗിയായി അലങ്കരിക്കുന്നു. ക്ഷേത്രങ്ങളിൽ രാമായണ പാരായണവും ഉണ്ടായിരിക്കും. രാമന്റെയും സീതയുടെയും ചെറിയ മൂർത്തികൾ ഉപയോഗിച്ച് നടത്തുന്ന കല്യാണോത്സവം എന്ന ചടങ്ങ് ചിലയിടങ്ങളിൽ നടത്തുന്നു. ശർക്കരയും കുരുമുളകും ഉപയോഗിച്ച് ഉണ്ടാക്കുന്ന പാനകം എന്ന മധുരപാനീയം രാമനവമി ദിവസം തയ്യാറാക്കുന്നു. വെെകുന്നേരം വിഗ്രഹങ്ങൾ വഹിച്ചു കൊണ്ടുള്ള ഘോഷയാത്രയും ഉണ്ടായിരിക്കും. രാമനവമി ദിവസം രാമനെ കൂടാതെ സീത, ലക്ഷ്മണൻ, ഹനുമാൻ എന്നിവരെയും ആരാധിക്കുന്നു.