എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയിൽ നിന്ന് പിടിയിലായി. ഇന്നലെ അർദ്ധരാത്രിയിലാണ് സെയ്ഫിയെ മുംബൈ എടിഎസ് സംഘം പിടികൂടിയത്. ശരീരത്തിൽ പൊള്ളലേറ്റും മുറിവേറ്റുമുള്ള പരിക്കുകളോടെയാണ് മഹാരാഷ്ട്രയിൽ വച്ച് ഇയാൾ പിടിയിലാകുന്നത്. കേന്ദ്ര ഏജൻസികൾ നൽകിയ വിവരത്തെ തുടർന്നാണ് സംഘം പരിശോധന നടത്തിയത്. രത്നഗിരിയിലെ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയിരുന്നു. ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. ഇയാൾക്ക് ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുണ്ടെന്നാണ് വിവരം.
ഇന്നലെ പ്രതി രത്നഗിരിയിൽ ഉണ്ടന്ന ഇന്റലിജൻസ് വിവരം കിട്ടി. തുടർന്ന് ആശുപത്രികളിൽ തിരച്ചിൽ നടത്തി. എന്നാൽ പൊലീസ് എത്തുന്നതിന് മുൻപ് അവിടെ നിന്ന് മുങ്ങിയ പ്രതിയെ രത്നഗിരി സ്റ്റേഷനിൽ നിന്ന് പിടികൂടുകയായിരുന്നു. രാജ്യവ്യാപകമായി പരിശോധന നടത്തുന്നതിനിടെയാണ് പ്രതി മഹാരാഷ്ട്രയിൽ വച്ച് പിടിയിലാകുന്നത്. ഇയാളുടെ തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം
രാജ്യത്തെ ഞെട്ടിച്ച ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു. രാജ്യം മുഴുവൻ ഷഹറൂഖ് സെയ്ഫിക്കായി തെരച്ചിൽ നടത്തുകയായിരുന്നു. പ്രതി പിടിയിലായെന്ന പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല. പ്രതി മഹാരാഷ്ട്രയിൽ പിടിയിലായതായി സ്ഥിരീകരിച്ച് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. ഇന്നലെ അർദ്ധരാത്രിയാണ് പ്രതി ഷഹറൂഖ് സെയ്ഫിയെ മുംബൈ എടിഎസ് പിടികൂടിയത്. കേന്ദ്ര ഏജൻസികളുടെ സംയുക്ത നീക്കത്തിലൂടെയാണ് പ്രതി പിടിയിലാകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിയെ വേഗം പിടികൂടിയ മഹാരാഷ്ട്ര സർക്കാരിനും പൊലീസിനും ആർപിഎഫിനും എൻഐഎക്കും നന്ദി പറയുന്നുവെന്നും മന്ത്രി അറിയിച്ചു.