കർണ്ണാടകയിലെ മിന്നുന്ന വിജയത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വമ്പൻ പ്രഖ്യാപനം വന്നു. ഇത് ഏവരുടെയും വിജയമാണ്. തിരഞ്ഞെടുപ്പിൽ കർണാടകയിലെ ജനങ്ങൾക്ക് അഞ്ച് വാഗ്ദാനങ്ങൾ നൽകിയിരുന്നു. ഈ വാഗ്ദാനങ്ങൾ ആദ്യ ദിവസം തന്നെ, ആദ്യ മന്ത്രിസഭയിൽ നിറവേറ്റുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സ്നേഹത്തിന്റെ വിജയവും വെറുപ്പിന്റെ തോൽവിയുമാണ് സംസ്ഥാനത്ത് ഉണ്ടായതെന്നും കർണ്ണാടകയിലെ വിജയത്തിന് ജനങ്ങളോട് നന്ദി അറിയിക്കുന്നതായും രാഹുൽ ഗാന്ധി പറഞ്ഞു. ഈ രാജ്യം സ്നേഹം ഇഷ്ടപ്പെടുന്നുണ്ടെന്ന് കർണാടകയിലെ ജനങ്ങൾ നമുക്ക് കാണിച്ചുതന്നു. കർണാടകയിൽ വെറുപ്പിന്റെ വിപണി അടഞ്ഞു. സ്‌നേഹക്കടകൾ തുറന്നിരിക്കുന്നു- രാഹുൽ പറഞ്ഞു.
63 അതിർത്തി താലൂക്കുകളിൽ കന്നഡ ഭാഷയും സംസ്‌കാരവും വികസിപ്പിക്കുമെന്നും സംവരണത്തിന്റെ പരമാവധി പരിധി 50% ൽ നിന്ന് 75% ആയി ഉയർത്തുമെന്നും പ്രകടന പത്രികയിൽ പറയുന്നു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ എല്ലാ വനിതകൾക്കും സൗജന്യ യാത്രാ സൗകര്യം ഒരുക്കുമെന്നും പ്രകടനപത്രികയിലെ വാഗ്‌ദാനത്തിൽ ഉണ്ട്. പുതിയ വിദ്യാഭ്യാസ നയം റദ്ദാക്കി സംസ്ഥാന വിദ്യാഭ്യാസ നയം നടപ്പാക്കുമെന്നും വാഗ്ദാനത്തിൽ പറഞ്ഞിരുന്നു.
രാത്രി ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് എല്ലാ മാസവും 5000 രൂപ പ്രത്യേക അലവൻസ് നൽകുമെന്നും പ്രഖ്യാപിച്ചു. കർണാടകയിലെ ജനങ്ങൾക്ക് ഗൃഹജ്യോതി യോജനയിലൂടെ 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകും. കുടുംബത്തിലെ ഓരോ സ്ത്രീകൾക്കും ഓരോ മാസവും 2000 രൂപ വീതം അലവൻസ് നൽകുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. ഇതിനുപുറമെ തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 3000 രൂപയും തൊഴിൽരഹിതരായ ഡിപ്ലോമക്കാർക്ക് 1500 രൂപയും രണ്ടുവർഷത്തേക്ക് നൽകും. അന്നഭാഗ്യ യോജന പ്രകാരം 10 കിലോ അരി നൽകും. അടുത്ത 5 വർഷത്തിനുള്ളിൽ കർഷക ക്ഷേമത്തിന് 1.5 ലക്ഷം രൂപയും വിളനഷ്ട നഷ്ടപരിഹാരത്തിന് 5000 കോടി രൂപയും നാളികേര കർഷകർക്കും മറ്റും എംഎസ്പി ഉറപ്പാക്കും. അതേസമയം, അധികാരത്തിൽ വന്ന് ഒരു വർഷത്തിനകം ബി.ജെ.പി പാസാക്കിയ ജനവിരുദ്ധ നിയമവും അന്യായമായ എല്ലാ നിയമങ്ങളും നിർത്തലാക്കുമെന്നും പ്രഖ്യാപിച്ചു.