ടെഹ്‌റാൻ: ഇറാനിൽ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിനും സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ഒരാഴ്ചയിലധികമായി തുടരുന്ന പ്രതിഷേധത്തിൽ മരിച്ചവരുടെ എണ്ണം 35 ആയി ഉയർന്നതായി മനുഷ്യാവകാശ പ്രവർത്തകരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ ഏകദേശം 1,200 പേരെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രാജ്യത്തെ മോശം സാമ്പത്തികാവസ്ഥയും കുതിച്ചുയരുന്ന വിലക്കയറ്റവുമാണ് ജനങ്ങളെ തെരുവിലിറക്കിയത്. പ്രതിഷേധം ഇപ്പോൾ പ്രധാന നഗരങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഇറാനിലെ സ്ഥിതിഗതികൾ വഷളായതിനെത്തുടർന്ന് ഇവിടേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യ വിനോദസഞ്ചാരികൾക്കും പൗരന്മാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
രാജ്യവ്യാപകമായി ഉണ്ടായ നാശനഷ്ടങ്ങളുടെ ഔദ്യോഗിക കണക്ക് അധികൃതർ പുറത്തുവിട്ടിട്ടില്ല. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി പുറത്തുവിട്ട കണക്കുകൾ പ്രകാരം, 29 പ്രതിഷേധക്കാരും നാലു കുട്ടികളും ഇറാന്റെ സുരക്ഷാ സേനയിലെ രണ്ട് ഉദ്യോഗസ്ഥരും മരിച്ചവരിൽ ഉൾപ്പെടുന്നു.
അതേസമയം, പ്രതിഷേധക്കാരും പൊലീസിനും തമ്മിലുണ്ടായ സംഘർഷത്തിൽ ഏകദേശം 250 പൊലീസ് ഉദ്യോഗസ്ഥർക്കും 45 ബസീജ് വോളന്റിയർമാർക്കും പരിക്കേറ്റതായി ഇറാൻ റെവല്യൂഷണറി ഗാർഡുമായി അടുത്ത ബന്ധമുള്ള അർദ്ധ-ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു.

