ലോക്സഭയിൽ അവിശ്വാസം കൊണ്ടുവന്ന പ്രതിപക്ഷത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ജനങ്ങള്‍ക്ക് സർക്കാരില്‍ വിശ്വാസം ഉണ്ട്. ഇത് സർക്കാരിന്‍റെ പരീക്ഷണമല്ല, പ്രതിപക്ഷത്തിന്‍റെ പരീക്ഷണം. 2024ൽ എൻഡിഎ ചരിത്ര വിജയം നേടും. പ്രതിപക്ഷത്തിന് അധികാരത്തോട് ആർത്തിയാണ്. പാവപ്പെട്ടവരെ കുറിച്ച് ചിന്തയില്ല. പ്രതിപക്ഷത്തിന്‍റെ അടുപ്പക്കാർക്ക് പോലും അവരുടെ പ്രസംഗത്തില്‍ സന്തോഷമില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തോട് ജനങ്ങള്‍ ‘അവിശ്വാസം കാണിച്ചു’. തയ്യാറെടുപ്പോടെ വന്നുകൂടെയെന്ന് രാഹുൽ ഗാന്ധിയെ പരോക്ഷമായി മോദി പരിഹസിക്കുകയും ചെയ്തു.
അഴിമതി പാർട്ടികള്‍ ഒന്നായിരിക്കുന്നു. കേരളത്തിലെ എംപിമാർ ഫിഷറീസ് ബില്ലിനെ പോലും പരിഗണിച്ചില്ലെന്ന് മോദി വിമർശിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേത്, ഇത് ഇന്ത്യയുടെ സുവർണ്ണ കാലഘട്ടമാണ്. 140 കൊടി ഇന്ത്യക്കാർ ബിജെപിക്ക് അവസരം നൽകി. 30 വർഷത്തിനുശേഷം പൂർണ്ണ ഭൂരിപക്ഷമുള്ള സർക്കാർ ഉണ്ടായെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന് രാജ്യത്തേക്കാള്‍ വലുത് പാര്‍ട്ടിയാണ്. എന്നാല്‍ രാജ്യത്തെ വികസനവും ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരവുമാണ് ബിജെപിയുടെ ലക്ഷ്യം. കൊല്‍ക്കത്തയില്‍ നിന്ന് ഫോണ്‍ വന്നതോടെ അധിർ രഞ്ജൻ ചൗധരിയെ കോണ്‍ഗ്രസ് ഒതുക്കിയെന്നും മോദി കുറ്റപ്പെടുത്തി. പ്രതിപക്ഷം എപ്പോഴും ജനങ്ങളെ നിരാശപ്പെടുത്തുകയാണ്. രാജ്യത്തെ യുവാക്കള്‍ക്കായി അഴിമതി രഹിത ഇന്ത്യ ഉണ്ടാക്കാൻ ബിജെപിക്കായെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇന്ത്യയില്‍ സ്റ്റാർട്ടപ്പുകളില്‍ റെക്കോർഡ് വർധനയാണ് ഉണ്ടായിട്ടുള്ളതെന്നും മോദി ചൂണ്ടിക്കാണിച്ചു. ഇന്ന് രാജ്യത്തേക്ക് വരുന്ന വിദേശ നിക്ഷേപങ്ങളുടെ എണ്ണം വർധിച്ചു. കയറ്റുമതി പുതിയ റെക്കോർഡുകളിലേക്ക് എത്തി.
സർക്കാരിന്‍റെ മൂന്നാം ഭരണകാലത്ത് ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും.
ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ തന്നെ മാറ്റിയെന്ന് മോദി പറഞ്ഞു. സ്വച്ഛഭാരത് പദ്ധതിയിലൂടെ മൂന്ന് ലക്ഷം പേരുടെ ജീവന്‍ രക്ഷിക്കാനായെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ആഗോള ഏജന്‍സികള്‍ ഇന്ന് ഇന്ത്യയെ പ്രശംസിക്കുന്നുവെന്ന് മോദി കൂട്ടിച്ചേർത്തു. കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിപക്ഷം സഭയില്‍ ബഹളമായിരുന്നു. പ്രതിപക്ഷത്തിൻറെ പ്രിയ മുദ്രാവാക്യം ‘ മോദി നിങ്ങളുടെ കുഴിമാടം തയ്യാറായെന്നാണ്’. അപകീർത്തിപ്പെടുത്തന്നതിന് അനുസരിച്ച് ശക്തനാകും എന്നതിന് ഉദാഹരണമാണ് താന്‍ എന്നും മോദി കൂട്ടിച്ചേർത്തു.
പൊതുമേഖല ബാങ്കുകളുടെ ലാഭം ഇരിട്ടിയായി വർധിച്ചു. എല്‍ഐസിയും എച്ച്എഎല്ലും നശിച്ചുവെന്നായിരുന്നു പ്രതിപക്ഷ പ്രചാരണം. പ്രചാരണം അടിസ്ഥാന രഹിതമാണെന്നും കണക്കുകള്‍ മോദി നിരത്തി. കോണ്‍ഗ്രസ് കഠിനാധ്വാനത്തില്‍ വിശ്വസിക്കുന്നില്ല. കോണ്‍ഗ്രസിന് കാഴ്ചചപ്പാടോ നേതൃത്വമോ ഇല്ല. 2028 ല്‍ പ്രതിപക്ഷത്തിന് വീണ്ടും അവിശ്വാസം കൊണ്ടുവരാമെന്ന് മോദി വ്യക്തമാക്കി.