സുരക്ഷ ഭീഷണി ആരോപണങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി നാളെ കൊച്ചിയിലെത്തും. കൊച്ചി നാവിക സേന വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തുക. തുടര്‍ന്ന് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന റോഡ് ഷോയില്‍ പങ്കെടുത്ത ശേഷം ബിജെപിയുടെ യുവം പരിപാടിയിലും പങ്കെടുക്കും. മറ്റന്നാൾ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി വന്ദേഭാരത്, ജലമെട്രോ അടക്കമുള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്യും. തേവര എസ് എച്ച് കോളേജിലേക്കാണ് മോദി റോഡ് ഷോ നടത്തുന്നത്. യുവം പരിപാടി സംഘടിപ്പിക്കുന്നതും കോളേജ് മൈതാനിയിലാണ്. ‘യുവം’ പരിപാടിയില്‍ മോദി യുവാക്കളുമായി സംവദിക്കും. യുവത്തിന് ശേഷം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ തങ്ങുന്ന പ്രധാനമന്ത്രി, ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും.
സുരക്ഷ ഭീഷണി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയ്ക്കായി കൊച്ചിയിൽ ഒരുക്കുന്നത്. പ്രധാനമന്ത്രിക്ക് സുരക്ഷ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇടപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി തേടിയിരുന്നു. കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ശക്തമായ സുരക്ഷ ഒരുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. കൊച്ചിയില്‍ രണ്ടായിരത്തിലധികം പൊലീസുകാരെ വിന്യസിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചിടാന്‍ തീരുമാനിച്ചു. ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതല്‍ 11 മണി വരെ ഡിപ്പോ പ്രവര്‍ത്തിക്കില്ല. കെഎസ്ആര്‍ടിസി മാനേജ്‌മെന്റുമായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
അതേസമയം .നാളത്തെ യുവം പരിപാടിയ്ക്ക് ബദലായി ഡിവൈഎഫ്ഐ ജില്ലാ കേന്ദ്രങ്ങളിൽ സംവാദ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. യുവത്തിന് ബദലായി ഡിവൈഎഫ്ഐ ജില്ലാ കേന്ദ്രങ്ങളില്‍ യുവാക്കളെ അണിനിരത്തി ബദല്‍ പരിപാടി ‘ആസ്‌ക് ദ പിഎം’ സംഘടിപ്പിക്കും. കൊച്ചിയില്‍ മാത്രം 25000 പേരെ പങ്കെടുപ്പിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.