കേരളത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി കലൂർ സ്റ്റേഡിയത്തിത്തിൽ 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. കേരളത്തിന്റെ വികസനത്തിന് വേഗം പകരുന്നതിനുള്ള അവസരമാണ് ഇന്ന് കൈവന്നിരിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. കേരള ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
5,500 കോടി രൂപ ചെലവിട്ടു ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിൻ പ്ലാന്റിനു പ്രധാനമന്ത്രി തറക്കല്ലിട്ടു. പ്രതിവർഷം 4 ലക്ഷം ടൺ പോളിപ്രൊപ്പിലിൻ പ്ലാന്റിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എഐ മേഖലയിലും സെമികണ്ടക്ടർ മേഖലയിലും രാജ്യം പുരോഗതി കൈവരിക്കുകയാണ്. സൗരോർജ ശക്തിയിൽ പ്രമുഖ രാജ്യമാണ് നാം. കേരളവും സൗരോർജ മേഖലയിൽ മുന്നേറണം. ഇതിനായാണ് കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിങ് സോളർ പദ്ധതിക്കു തറക്കല്ലിട്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയപാത 66ലെ തലപ്പാടി- ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപാസിന്റെ വെങ്ങളം – രാമനാട്ടുകര ആറുവരിപ്പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

