മഹാരാഷ്ട്രയിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നാഗ്പൂരിൽ 75,000 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവ്വഹിച്ചു. രാജ്യത്തെ ആറാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനും പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ നാഗ്പൂർ എയിംസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു . 2017ൽ പ്രധാനമന്ത്രി തന്നെയാണ് ഇതിന്റെ തറക്കല്ലിടീൽ നിർവ്വഹിച്ചത്. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി നാഗ്പൂരിലെത്തിയ പ്രധാനമന്ത്രിയെ കേന്ദ്ര മന്ത്രി നിതിൻ ഗഡ്ക്കരി, ഗവർണർ ഭഗത് സിംഗ് കോശ്യാരി, മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
വിദർഭ മേഖലയ്ക്ക് ആധുനിക ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ നൽകുന്ന ആശുപത്രി ഗഡ്ചിരോളി, ഗോണ്ടിയ, മെൽഘട്ട് എന്നിവിടങ്ങളിലെ ആദിവാസി മേഖലകൾക്ക് അനുഗ്രഹമാകും. രാവിലെ മഹാരാഷ്ട്രയിലെത്തിയ അദ്ദേഹം നാഗ്പൂരിൽ പരമ്പരാഗത ഡ്രം വായിക്കുകയും കലാകാരന്മാരോട് സംവദിക്കുകയും ചെയ്തിരുന്നു. പിന്നാലെ ആശുപത്രിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
നാഗ്പൂർ-മുംബൈ സ്മൃതി എക്‌സ്പ്രസ് വേയുടെ ആദ്യഘട്ടവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇതിന് പുറമെ നാഗ്പൂർ മെട്രോ റെയിലും പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. മെട്രോയുടെ ഒന്നാംഘട്ട ഉദ്ഘാടനമാണ് നടന്നത്. 6700 കോടിയിലധികം രൂപ ചെലവിലാണ് ഈ പദ്ധതി വികസിപ്പിച്ചത്. കൂടാതെ രണ്ടാം ഘട്ടക്കിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിച്ചു.