കർണാടകയിൽ നിർമ്മിച്ച ശിവമൊഗ്ഗ വിമാനത്താവളത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. 450 കോടി രൂപ ചെലവിലാണ് പുതിയ വിമാനത്താവളത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. മണിക്കൂറിൽ ശരാശരി 300 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ടെർമിനലാണ് പുതിയ വിമാനത്താവളത്തിന്റെത്. പാസഞ്ചർ ടെർമിനൽ താമരയുടെ രൂപത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. മുൻ കർണാടക മുഖ്യമന്ത്രിയും ബിജെപി കേന്ദ്ര കമ്മിറ്റി അംഗവുമായ ബി എസ് യെദിയൂരപ്പയുടെ സ്വപ്ന പദ്ധതിയാണ് ശിവമൊഗ്ഗ വിമാനത്താവളം. കന്നഡ മഹാകവി കുവേംപുവിന്‍റെ പേരിലാണ് വിമാനത്താവളം അറിയപ്പെടുക.
വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിർവഹിച്ചതോടൊപ്പം സംസ്ഥാനത്തെ വിവിധ പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ തന്നെ വിമാനങ്ങളുടെ പരീക്ഷണ പറക്കൽ വിമാനത്താവളത്തിൽ ആരംഭിച്ചിരുന്നു. 662.38 ഏക്കർ സ്ഥലത്താണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. റൺവേ, ടെർമിനൽ കെട്ടിടം, എ ടി സി ടവർ, ഫയർ സ്റ്റേഷൻ കെട്ടിടം എന്നിവ കൂടാതെ ടാക്സി വേ, ഏപ്രൺ, അപ്രോച്ച് റോഡ്, പെരിഫറൽ റോഡ്, കോമ്പൗണ്ട് ഭിത്തി എന്നിവയും വിമാനത്താവളത്തിനുണ്ട്. എല്ലാവർക്കും താങ്ങാൻ കഴിയുന്ന വിമാനയാത്ര എന്ന ലക്ഷ്യത്തോടെ കേന്ദ്രത്തിന്റെ ഉഡാൻ പദ്ധതിക്ക് കീഴിലാണ് ശിവമൊഗ്ഗ ഗ്രീൻഫീൽഡ് ആഭ്യന്തര വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്.
സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച കർണാടക രാഷ്ട്രീയത്തിലെ അതികായൻ ബി എസ് യെദിയൂരപ്പയുടെ സ്വന്തം തട്ടകമായ ശിവമൊഗ്ഗയിലെ ഈ വിമാനത്താവളം അദ്ദേഹത്തിന്‍റെ എൺപതാം പിറന്നാൾ ദിനത്തിലാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്. ജീവിതം കന്നഡ ജനതയ്ക്ക് സമർപ്പിച്ച യെദിയൂരപ്പ വരും തലമുറയ്ക്ക് മാതൃകയെന്ന് മോദി പറഞ്ഞു. തന്‍റെ പിറന്നാൾ ദിനം എത്തിയതിൽ മോദിക്ക് യെദിയൂരപ്പ നന്ദി പറഞ്ഞു. വിമാനത്താവളത്തിന് യെദിയൂരപ്പയുടെ പേരിടാമെന്ന മന്ത്രിസഭാ തീരുമാനം അദ്ദേഹം തന്നെ നിരസിച്ചതോടെ കന്നഡ മഹാകവി കുവേംപുവിന്‍റെ പേരിലാകും വിമാനത്താവളം അറിയപ്പെടുക.