ന്യൂഡൽഹി: നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഇന്ന് ഉച്ചക്ക് ഒരുമണിവരെ നാഗാലാൻഡിൽ 57.5 ശതമാനവും മേഘാലയിൽ 44.73 ശതമാനവും പേർ വോട്ടുരേഖപ്പെടുത്തി. മേഘാലയയിലും നാഗാലാൻഡിലും കനത്ത സുരക്ഷയോടുകൂടി രാവിലെ 7 മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടെടുപ്പ് നാലുമണിവരെ തുടരും. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ നടക്കുക.
ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
നാഗാലാൻഡ് ലാൻഡ് മുഖ്യമന്ത്രി നെഫ്യൂ റിയോ കൊഹിമയിൽ വോട്ട് രേഖപ്പെടുത്തി. അഞ്ചാം തവണയും ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.183 സ്ഥാനാർഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. 13 ലക്ഷം വോട്ടർമാരാണ് ഉള്ളത്. മേഘാലയ മുഖ്യമന്ത്രി കൊൻറാഡ് സാങ്മയും കുടുംബവും സൗത്ത് ടുറയിൽ വോട്ട് ചെയ്തു. ഇത്തവണയും വിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 369 സ്ഥാനാർഥികളാണ് മേഘാലയയിൽ മത്സരിക്കുന്നത്. 21.6 ലക്ഷം വോട്ടർമാരുണ്ട്.
60 മണ്ഡലങ്ങൾ വീതമുള്ള ഇരു സംസ്ഥാനങ്ങളിലെയും 59 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നാഗാലാൻഡിൽ അക്ലോട്ടോ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ പിന്മാറ്റത്തോടെയാണ് 59 സീറ്റിൽ മത്സരം ഒതുങ്ങിയത്. മേഘാലയിൽ ഒരു സ്ഥാനാർഥിയുടെ മരണത്തെ തുടർന്നാണ് ഒരു മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് മാറ്റി വെച്ചത്.