പ്രശസ്ത ആണവ ശാസ്ത്രജ്ഞൻ ഡോ. ആർ ചിദംബരം അന്തരിച്ചു. 88 വയസ്സായിരുന്നു. ശനിയാഴ്ച്ച രാവിലെ മുംബൈയിലായിരുന്നു അന്ത്യം. 1974 ലും 1998 ലും പൊഖ്‌റാനിൽ നടന്ന ഇന്ത്യയുടെ രണ്ട് ആണവ സ്‌ഫോടനങ്ങളിലും പ്രധാന പങ്കുവഹിച്ച അദ്ദേഹം ഇന്ത്യയുടെ ആണവോർജ്ജ കമ്മീഷൻ്റെ ചെയർമാനായും കേന്ദ്ര ഗവൺമെൻ്റിൻ്റെ പ്രിൻസിപ്പൽ സയൻ്റിഫിക് അഡൈ്വസറായും സേവനമനുഷ്ഠിച്ചു. ഇന്ത്യയെ ആണവായുധ രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള സംഭാവനകൾക്ക് രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു.
നൂതന സാങ്കേതിക വിദ്യകൾ രാജ്യത്ത് വികസിപ്പിക്കണമെന്ന കാഴ്ചപ്പാടായിരുന്നു ചിദംബരത്തിന്റേത്. 1974ലെ പൊഖ്റാൻ ആണവ പരീക്ഷണത്തിനു നേതൃത്വം നൽകിയതിനെ തുടർന്ന് അമേരിക്ക ഇദ്ദേഹത്തിന് വിസ നിഷേധിച്ചു. സാങ്കേതിക വിദ്യകൾ വിദേശത്തുനിന്ന് വാങ്ങുന്നതിൽ ചിദംബരത്തിന് എതിർപ്പായിരുന്നു. 1998ലെ പൊഖ്റാൻ പരീക്ഷണത്തിനുള്ള ഉപകരണങ്ങൾ നിർമിച്ചത് ഡിആർഡിഒയുമായി സഹകരിച്ച് ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.
ആർ.ചിദംബരം തന്റെ കരിയറിൽ ഇന്ത്യാ ഗവൺമെൻ്റിൻ്റെ പ്രധാന ശാസ്ത്ര ഉപദേഷ്ടാവ് (2001-2018), ഭാഭാ ആറ്റോമിക് റിസർച്ച് സെൻ്റർ ഡയറക്ടർ (1990-1993), ആണവോർജ്ജ കമ്മീഷൻ ചെയർമാൻ, ഇന്ത്യാ ഗവൺമെൻ്റ് സെക്രട്ടറി , ആറ്റോമിക് എനർജി ഡിപ്പാർട്ട്‌മെൻ്റ് (1993-2000), ഇൻ്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുടെ ബോർഡ് ഓഫ് ഗവർണേഴ്‌സിൻ്റെ ചെയർമാൻ (1994-1995) കൂടാതെ IAEA യുടെ പ്രമുഖ വ്യക്തികളുടെ കമ്മീഷനിലെ അംഗം എന്നീ നിലയിലും സേവനമനുഷ്ടിച്ചു.