ഈ വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വന്‍ രാഷ്ട്രീയ നീക്കവുമായി എന്‍ഡിഎ പട്ടാളി മക്കള്‍ പാര്‍ട്ടി (പിഎംകെ) എന്‍ഡിഎ മുന്നണിയില്‍ ചേരുമെന്ന് മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
നിലവില്‍ തമിഴ്‌നാട്ടിലെ എന്‍ഡിഎ മുന്നണിയില്‍ എഐഎഡിഎംകെ, ബിജെപി, പിഎംകെ എന്നീ പാര്‍ട്ടികളുണ്ട്. മറ്റ് നിരവധി പാര്‍ട്ടികളും ഉടന്‍ തന്നെ ഞങ്ങളോടൊപ്പം ചേരാന്‍ സാധ്യതയുണ്ടെന്നും പാര്‍ട്ടി കേഡര്‍മാരുടെയും നേതാക്കളുടെയും പിന്തുണ സഖ്യത്തിനുണ്ടെന്നും പിഎംകെ മേധാവി അന്‍പുമണി രാംദാസിനൊപ്പം ചെന്നൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എടപ്പാടി പളനിസ്വാമി വ്യക്തമാക്കി.
‘വിജയ സഖ്യം’ എന്ന് വിശേഷിപ്പിച്ച ഇ.പി.എസ്, ഡി.എം.കെയെ പുറത്താക്കുന്ന, വിജയിക്കുന്ന സഖ്യമാണ് തങ്ങളുടേതെന്നും നാമെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും വന്‍ വിജയം നേടുകയും ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു. മറ്റു പാര്‍ട്ടികളുമായുള്ള ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിഎംകെ നേതാവ് അന്‍പുമണി രാമദാസും സഖ്യം സ്ഥിരീകരിച്ചു, ‘ഇന്ന്, എഐഎഡിഎംകെ സഖ്യത്തില്‍ ഞങ്ങള്‍ കൈകോര്‍ത്തിരിക്കുന്നു. ഇത് സന്തോഷകരമായ ഒരു അവസരമാണെന്നും ചേരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീവിരുദ്ധവും ജനവിരുദ്ധവും അഴിമതി നിറഞ്ഞതുമായ ഡിഎംകെ പാര്‍ട്ടിയെ ഇല്ലാതാക്കുക എന്നതാണ് സഖ്യത്തിന്റെ ലക്ഷ്യം, സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്കിടയില്‍ രോഷമുണ്ടെന്നും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച് എഐഎഡിഎംകെയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇന്ന് വൈകുന്നേരം പളനിസ്വാമി ഡല്‍ഹിയിലേക്ക് പോയി മുതിര്‍ന്ന ബിജെപി നേതാക്കളുമായി സഖ്യ ചര്‍ച്ചകളെ കുറിച്ച് ചര്‍ച്ച നടത്തുമെന്നാണ് സൂചന. നിലവിലെ ഭരണത്തിന് കീഴില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന് അവകാശപ്പെട്ട പളനിസ്വാമി, 2026 ലെ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം വലിയ വിജയം നേടുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് പറഞ്ഞു. 2026ന്റെ ആദ്യ പകുതിയിലാണ് തമിഴ്നാട്ടില്‍് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

