ലൈംഗികാരോപണവിധേയനായ ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് നടത്താനിരുന്ന റാലിക്ക് അനുമതിയില്ല. ജൂൺ 5 ന് ബിജെപി എംപി ബ്രിജ് ഭൂഷൺ ശരൺ സിംഗിന് റാലി നടത്താൻ അയോധ്യ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതായാണ് വിവരം.
പരിസ്ഥിതി ദിനത്തില്‍ അയോധ്യയിലെ രാംകഥ പാര്‍ക്കിലാണ് റാലി സംഘടിപ്പിക്കാനിരുന്നത്. അയോധ്യയിലെ സന്യാസി സമൂഹവും ഈ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചെന്നാണ് വിവരം. ജൂണ്‍ 5 ന് അയോധ്യയില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച പൊതുബോധവല്‍ക്കരണ റാലിയില്‍ 11 ലക്ഷം പേരെ അണിനിരത്തുമെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്.
ഇപ്പോള്‍ തനിക്കെതിരായ ആരോപണങ്ങള്‍ പോലീസ് അന്വേഷിക്കുകയും സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ മാനിക്കുകയും ചെയ്യുന്നതിനാല്‍ ‘ജന്‍ ചേത്ന മഹാറാലി’ അയോധ്യ ചലോ പരിപാടി കുറച്ച് ദിവസത്തേക്ക് മാറ്റിവെക്കുകയാണ് ബ്രിജ് ഭൂഷണ്‍ പറഞ്ഞു. അധികാരത്തിലും പ്രതിപക്ഷത്തിരിക്കുമ്പോഴും എല്ലാ ജാതിയിലും സമുദായത്തിലും മതത്തിലും പെട്ട ആളുകളെ ഒന്നിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അതിനാൽ രാഷ്ട്രീയ എതിരാളികളും അവരുടെ പാര്‍ട്ടികളും എനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്, നിലവിലെ സാഹചര്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ റാലികള്‍ നടത്തി പ്രവിശ്യാവാദവും പ്രാദേശികവാദവും വംശീയ സംഘര്‍ഷവും വളര്‍ത്തി സാമൂഹിക സൗഹാര്‍ദ്ദം തകര്‍ക്കാനാണ് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.