പെരിന്തൽമണ്ണ: പെരിന്തൽമണ്ണ വോട്ടെടുപ്പ് കേസിൽ ഇടതുസ്ഥാനാർത്ഥി നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സ്പെഷ്യൽ വോട്ടുകൾ അടങ്ങിയ പെട്ടി യിലെ വോട്ടുകളും എണ്ണണമെന്നാവശ്യപ്പെട്ട് എ പി എം മുസ്തഫയാണ് ഹർജി നൽകിയത്. തർക്കത്തിലുള്ള വോട്ട് സൂക്ഷിച്ചിരിക്കുന്ന 384 പെട്ടികളും കോടതിയിൽ ഹാജരാക്കും.
പെരിന്തൽമണ്ണയിൽ 2021 ഏപ്രിൽ ആറിന് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരം ജയിച്ചിരുന്നു. 38 വോട്ടുകൾക്കാണ് നജീബ് ജയിച്ചത്. കേന്ദ്രത്തിലെ ഉദ്യോഗസ്ഥൻ ബാലറ്റ് പെട്ടിയിൽ ഒപ്പുവെച്ചില്ല എന്നതിനാൽ 348 സ്പെഷ്യൽ തപാൽ വോട്ടുകൾ അടങ്ങിയ പെട്ടി എണ്ണിയിരുന്നില്ല. ഈ പെട്ടികളിലെ വോട്ടുകൾ കൂടി എണ്ണണമെന്ന് ആവശ്യപ്പെട്ടാണ് ഇടത് സ്ഥാനാർഥി ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടയിൽ വോട്ട് പെട്ടികളിൽ ഒന്ന് കാണാതാവുകയും മറ്റൊരിടത്ത് നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ചിരുന്ന പെട്ടി കണ്ടെടുത്തത് മലപ്പുറത്തെ ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ നിന്നാണ്. വോട്ട് പെട്ടി കാണാതായതിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ വിശദീകരണം തേടിയിരുന്നു. അതേസമയം കണ്ടെടുത്ത പെട്ടിയുടെ സീൽ കവർ സുരക്ഷിതമാണെന്നും പെട്ടി ഇന്ന് തന്നെ ഹൈക്കോടതിയിൽ ഹാജരാക്കും എന്നും സബ് കളക്ടർ ശ്രീധന്യ സുരേഷ് അറിയിച്ചു.