കൊച്ചി: എറണാകുളത്ത് ഭക്ഷ്യവിഷബാധയേറ്റ് 68പേർ വിവിധ ആശുപത്രികളിൽ ചികിത്സതേടി. ഭക്ഷണം കഴിച്ച ഒരു പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. പറവൂരിലെ മജ്ലിസ് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അസ്വസ്ഥത പ്രകടിപ്പിച്ച 28 പേരെ പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നു. സംഭവത്തിന് പിന്നാലെ മുൻസിപ്പാലിറ്റി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എത്തി ഹോട്ടൽ അടപ്പിച്ചു.
ഇന്നലെ വൈകുന്നേരം ഹോട്ടലിൽ നിന്നും കുഴിമന്തിയും അൽഫാമും ഷവായിയും കഴിച്ചവർക്കാണ് വിഷബാധ ഏറ്റിട്ടുള്ളത്. മിക്കവർക്കും ആഹാരം കഴിച്ചതിനു ശേഷം ശർദ്ദിയും വയറിളക്കവും ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിൽ ഗുരുതരാവസ്ഥയിൽ ആയ ചെറായി സ്വദേശിനി ഗീതുവിനെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്. ഭക്ഷണം കഴിച്ചവരിൽ മാംസം കഴിച്ചവർക്കാണ് വിഷബാധ ഏറ്റിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാന വ്യാപകമായി ഒരാഴ്ചയ്ക്കിടെ 2551 സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാവകുപ്പ് പ്രത്യേക പരിശോധന നടത്തിയെന്നും സംസ്ഥാനത്ത് ഇനിയും പരിശോധന ശക്തമായി തുടരുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞതിന് പിന്നാലെയാണ് എറണാകുളത്ത് വീണ്ടും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.