മണിപ്പൂരിലെ അക്രമസംഭവങ്ങളിൽ പ്രതിപക്ഷം കൊണ്ടുന്ന അവിശ്വാസ പ്രമേയത്തിൽ മറുപടി പറഞ്ഞ് പ്രധാനമന്ത്രി. മണിപ്പൂരിലെ സ്ത്രീകൾക്കും കുട്ടികൾക്കും ഒപ്പം രാജ്യമുണ്ടെന്ന് മോദി പറഞ്ഞു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും മോദി ഉറപ്പു നൽകി. കലാപത്തിന് വഴി വെച്ചത് ഹൈക്കോടതി ഉത്തരവാണ്. മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുമെന്നും മോദി വ്യക്തമാക്കി.
മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ആദ്യം മുതൽ പ്രതിപക്ഷത്തെ പരിഹസിച്ചും വിമർശിച്ചും ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞുമായിരുന്നു മറുപടി പ്രസംഗത്തിൽ ഏറിയ സമയവും പ്രധാനമന്ത്രിയുടെ ഉപയോഗിച്ചത്. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കും. ഇതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്നിച്ച് പ്രവർത്തിക്കും. രാഹുലിന്റെ ഭാരത് മാതാ പരാമർശം വേദനിപ്പിച്ചു. ഭാരത് മാതാവിനെ അപമാനിച്ചവരാണ് കോൺഗ്രസ്. രാജ്യത്തെ മൂന്നായി വെട്ടിമുറിച്ചവരാണ് ഇത് പറയുന്നത്. മണിപ്പൂരിലെ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകും. ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് മണിപ്പൂരിൽ കലാപം നടന്നത്.
മണിപ്പൂരിലെ അരക്ഷിതാവസ്ഥയ്ക്ക് കാരണം കോൺഗ്രസാണ്. പ്രതിപക്ഷത്തിന് താൽപര്യം രാഷ്ട്രീയക്കളി മാത്രമാണ്. മണിപ്പൂരിനെ രാഷ്ട്രീയവത്കരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. മണിപ്പൂരിനെ കുറിച്ച് സംസാരിക്കാൻ സർക്കാർ തയ്യാറായിരുന്നു. ചർച്ചയിൽ നിന്ന് പ്രതിപക്ഷം ഓടിയൊളിച്ചു. ആഭ്യന്തരമന്ത്രി വിഷയത്തിൽ വിശദമായി സംസാരിച്ചതാണ്. മണിപ്പൂർ വികസനത്തിന്റെ പാതയിൽ തിരികെയെത്തുമെന്നും രാജ്യം ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വിശ്വാസം കോണ്‍ഗ്രസ് തകര്‍ത്തു. മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം ഉണ്ടായെന്ന് പ്രധാനമന്ത്രി സഭയിൽ സമ്മതിച്ചു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പൊറുക്കാനാവില്ലെന്നും മണിപ്പൂരില്‍ സമാധാനം കൊണ്ടുവരുമെന്നും പ്രധാനമന്ത്രി ലോക്‌സഭയില്‍ മറുപടി പറഞ്ഞു.
കേന്ദ്രത്തിന്‍റെ മികവിനെ കുറിച്ചും കോൺഗ്രസിനെയും പ്രതിപക്ഷത്തെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ചും മാത്രം ആദ്യ മണിക്കൂറുകളിൽ സംസാരിച്ച പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം സഭയിൽ മുദ്രാവാക്യം വിളികളുയര്‍ത്തി. മണിപ്പൂരിനെ കുറിച്ച് പറയൂവെന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തോട് മണിപ്പൂരിനെ കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ വിശദമായി മറുപടി നൽകിയിട്ടുണ്ടെന്നായിരുന്നു മോദിയുടെ മറുപടി. പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. ഇതിന് ശേഷമാണ് മോദി മണിപ്പൂരിനെ കുറിച്ച് സംസാരിച്ച് തുടങ്ങിയത്. സത്യം പറയുമ്പോള്‍ പ്രതിപക്ഷം ഇറങ്ങിപോകുന്നുവെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി പ്രതിപക്ഷം മണിപ്പൂർ ചർച്ച അട്ടിമറിച്ചുവെന്നും ആരോപിച്ചു.
മോദിയുടെ പ്രസംഗം തടസ്സപ്പെടുത്തിയതിനു കോൺഗ്രസ് സഭാ നേതാവ് അധിർ രഞ്ജൻ ചൗധരിയെ സസ്പെൻഡ് ചെയ്തു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെ അവിശ്വാസപ്രമേയം ശബ്ദവോട്ടോടെ സഭ തള്ളി.