പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി ആക്രമിച്ച സംഭവത്തിലെ പ്രതി രാഹുൽ മുമ്പും വിവാഹം കഴിച്ചിരുന്നതായി തെളിവുകൾ.
കോട്ടയത്തും എറണാകുളത്തും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായാണ് വിവരം. രാഹുലുമായി വിവാഹം ഉറപ്പിച്ച യുവതികളാണ് പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയാണ് പരാതി. ഒടുവിൽ രജിസ്റ്റർ ചെയ്ത യുവതി രാഹുലിൻ്റെ സ്വഭാവ വൈകല്യം മനസ്സിലാക്കിയതോടെ വിവാഹ മോചനം തേടുകയായിരുന്നു. നിയമപരമായി വിവാഹമോചനം നേടും മുമ്പാണ് പറവൂരിലെ പെൺകുട്ടിയുമായുള്ള വിവാഹം നടന്നത്.
കേസിലെ പ്രതി രാഹുൽ ഒളിവിൽ പോയ സാഹചര്യത്തിൽ ഇയാളെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും. കേസിൽ ഇന്ന് തന്നെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. പ്രതി രാഹുൽ രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് ഇത് തടയാനാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കുന്നത്. ഫറോക്ക് എസിപി സാജു കെ എബ്രഹാമിന്റെ നേതൃത്വത്തിൽ ഏഴ് പേരാണ് പുതിയ അന്വേഷണ സംഘത്തിലുള്ളത്. ഈ സംഘം ഇന്ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് കൊച്ചിയിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തും.
രാഹുലിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. രാഹുൽ ഒളിവിൽ പോയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഫോൺ ചാർജർ കഴുത്തിൽ ചുറ്റി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് യുവതി മൊഴി നൽകിയിട്ടും രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്തില്ലെന്ന് യുവതി പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീധന പീഡനക്കുറ്റവും രാഹുലിനെതിരെ ഇപ്പോൾ ചുമത്തിയിട്ടുണ്ട്.