യുവതിയുടെ ലൈംഗിക പീഡന പരാതിയിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷയിൽ വിധിപറയൽ മാറ്റി. മുൻകൂർ ജാമ്യത്തിൽ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ ഒന്നര മണിക്കൂർ നീണ്ട വാദം പൂർത്തിയായി. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി അടച്ചിട്ട മുറിയിൽ വാദം കേട്ടു. ഒരു രേഖകൂടി ഹാജരാക്കാൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങളുളളതിനാൽ, വാദം അടച്ചിട്ട മുറിയിൽ വേണമെന്ന് മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടിരുന്നു.
രാഹുലിന്റെ അഭിഭാഷകൻ യുവതിക്കെതിരായ തെളിവുകളായി പെൻഡ്രൈവുകളും വീഡിയോകളും സമർപ്പിച്ചിട്ടുണ്ട്. അഡ്വ. ശാസ്തമംഗലം അജിത് കുമാറാണ് രാഹുൽ മാങ്കൂട്ടത്തിലിനുവേണ്ടി കോടതിയിൽ ഹാജരായിരിക്കുന്നത്. ബലാത്സംഗവും ഗർഭഛിദ്രവും ഒഴികെ പരാതിക്കാരി ഉന്നയിച്ച എല്ലാ കാര്യങ്ങളും രാഹുൽ മാങ്കൂട്ടത്തിൽ അംഗീകരിച്ചിട്ടുണ്ട്. പെൺകുട്ടിയുമായി പരിചയമുണ്ട്. പ്രണയബന്ധമുണ്ടായിരുന്നു. പെൺകുട്ടി പറഞ്ഞതുപോലെ ഫ്ലാറ്റിൽ എത്തിയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങൾ മുൻകൂർ ജാമ്യാപേക്ഷയിൽ അംഗീകരിക്കുന്നുണ്ട്.
എന്നാൽ, ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഗർഭഛിദ്രം ചെയ്‌തിട്ടില്ലെന്നുമാണ് രാഹുലിന്റെ നിലപാട്. ജാമ്യം അനുവദിക്കുന്നത് തെളിവുകൾ നശിപ്പിക്കാൻ കാരണമായേക്കാം എന്നും, കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും, രാഹുൽ സ്ഥിരം കുറ്റവാളിയെന്നും പ്രോസിക്യൂഷൻ വാദിച്ചു.

