പാലക്കാട്: കടുവ സെൻസസിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം. പുതൂർ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. സെൻസസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. എന്നാല്‍ പിന്നീട് കാളിമുത്തുവിനെ കണ്ടെത്താനായില്ല. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അറിയിച്ചതിനെ തുടർന്ന് ആർആർടി നടത്തിയ തിരച്ചിലില്‍ പിന്നീട് കാളിമുത്തുവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കോട്ടത്തറ ട്രൈബൽ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ബുധനാഴ്ച പുതൂർ റേഞ്ചിൽ തന്നെയാണ് സെൻസസിനു പോയ അഞ്ചംഗ സംഘം വനത്തിൽ കുടുങ്ങിയത്. മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ തിരികെ എത്തിച്ചത്.

