പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവാൻ മുൻ കോൺഗ്രസ് നേതാവ് പി.സരിൻ ബി.ജെ.പിയുമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്നാൽ, പാർട്ടിയിൽ ആളുള്ളതിനാൽ സ്ഥാനാർത്ഥിയാക്കാൻ ആവില്ലെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു. തുടർന്ന് സി.പി.എമ്മുമായി ചർച്ച നടത്തുകയായിരുന്നു. കേരളത്തിൽ സി.പി.എം-ബി.ജെ.പി ബാന്ധവത്തെ കുറിച്ച് ആദ്യം പറഞ്ഞത് കേരളത്തിലെ പ്രതിപക്ഷമായിരുന്നു. താനടക്കം ഇതുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അങ്ങോട്ട് പോകാൻ നിൽക്കുന്നതിന്റെ ഭാഗമായാണ് തനിക്കെതിരെ മൃദുഹിന്ദുത്വം ആരോപിച്ചതെന്നും അദ്ദേഹം പറഞ്ഞു.സരിൻ പറഞ്ഞത് എം.ബി രാജേഷിന്റെ വാക്കുകളാണ്. സരിന്റെ നീക്കങ്ങളെല്ലാം ആസൂത്രിതമായിരുന്നു. താൻ ഒറ്റക്കല്ല പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്. തനിക്കും കെ.പി.സി.സി പ്രസിഡന്റിനും അതിൽ ഉത്തരവാദിത്തമുണ്ട്. എന്നാൽ, താൻ മാത്രമല്ല അങ്ങനെയൊരു തീരുമാനമെടുത്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി.ഡി. സതീശൻ കോൺഗ്രസിനെ ഹൈജാക്ക് ചെയ്തെന്നും പാർട്ടിയെ ദുർബലപ്പെടുത്തിയെന്നും സരിൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പാർട്ടിയിൽ ഉടമ -കീഴാള ബന്ധമാണുള്ളത്. സതീശന് പരസ്പര ബഹുമാനമില്ല. പ്രതിപക്ഷ നേതാവായത് അട്ടിമറിയിലൂടെയാണ്. ഇങ്ങനെ പോയാൽ 2026ൽ പാർട്ടി പച്ചപിടിക്കില്ലെന്നും സരിൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. “ഞാനാണ് രാജ്യമെന്ന് വിളിച്ചുപറഞ്ഞ ചക്രവർത്തിയെപ്പോലെയാണ് സതീശനെന്ന രൂക്ഷമായ വിമർശനം പി.സരിൻ ഉന്നയിച്ചിരുന്നു. ഞാനാണ് പാർട്ടിയെന്ന രീതിയിലേക്ക് പാർട്ടിയെ മാറ്റിയെടുത്ത് കോൺഗ്രസിലെ ജനാധിപത്യം തകർത്തു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായതിന് പിന്നിലെ കഥകൾ മാധ്യമങ്ങൾ ഇനിയെങ്കിലും അന്വേഷിക്കണം. അതൊരു അട്ടിമറി ആയിരുന്നെന്നും അത് എങ്ങനെ നടപ്പിലായതെന്നും മനസിലാക്കാതെ പോയതിന്റെ ഫലമാണ് ഇത്.
പുതിയമുഖം കടന്നുവരുന്നതിന്റെ ആവേശത്തിൽ ആയിരുന്ന കോൺഗ്രസ് അതിൽ അസ്വാഭാവികത കണ്ടില്ല. എന്നാൽ അത് നല്ല മാറ്റമല്ലെന്ന് വൈകാതെ കോൺഗ്രസ് പ്രവർത്തകർ തിരിച്ചറിഞ്ഞു” -സരിൻ പറഞ്ഞിരുന്നു. പരാതി പറയാൻ പാർട്ടി ഫോറമെന്നൊരു സംവിധാനം കോൺഗ്രസിലില്ല. നേതാക്കൾക്ക് തോന്നിയ പോലെയാണ് പ്രവർത്തിക്കുന്നത്. സതീശന് ബി.ജെ.പിയോട് മൃദുസമീപനമാണ്. 13ന് തെരഞ്ഞെടുപ്പ് നടന്നാൽ ചിലർക്ക് അനുകൂലമായി വോട്ടുവീഴും. പാലക്കാട്ടെ ജനം ആഗ്രഹിക്കാത്ത ഫലം വരും. എല്ലാവരെയും എല്ലായ്പ്പോഴും വിഡ്ഡികളാക്കാൻ പറ്റില്ല. വളർന്നുവരുന്ന കുട്ടി സതീശനാണ് രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസ് സർക്കിളിൽ തന്നെ അന്വേഷിച്ചാൽ ഇക്കാര്യം മനസ്സിലാകുമെന്നും സരിൻ കൂട്ടിച്ചേർത്തിരുന്നു.