കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന് പറഞ്ഞ സുധാകരൻ, ഞാനായിരുന്നെങ്കില്‍ അങ്ങനെ ചെയ്യില്ലെന്നും സുധാകരൻ വ്യക്തമാക്കി. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ.
പാർട്ടി ഏറ്റവും ഗൗരവത്തില്‍ എടുത്ത പോലീസ് അതിക്രമ കേസാണ് സുജിത്തിന്റേത്. ഇതുവരെ അങ്ങനെ ഒരനുഭവം ഞങ്ങള്‍ക്ക് ഉണ്ടായിട്ടല്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. അതേസമയം കസ്റ്റഡി മർദനത്തില്‍ മുഖ്യമന്ത്രി നടപടിയെടുക്കില്ലെന്ന് പറഞ്ഞാല്‍ അപ്പോള്‍ തങ്ങള്‍ കാണിക്കാമെന്ന് സതീശൻ പ്രതികരിച്ചു. ‘മുഖ്യമന്ത്രി അതിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് പോലും ഇട്ടിട്ടില്ല. അദ്ദേഹത്തിന് പറയാൻ ഉത്തരവാദിത്തം ഉണ്ട്. നടപടി എടുക്കില്ലെന്ന് മുഖ്യമന്ത്രി പറയട്ടെ. അപ്പോള്‍ ഞങ്ങള്‍ കാണിച്ച് തരാം, എങ്ങനെ പ്രതികരിക്കണമെന്ന്’ സതീശൻ പറഞ്ഞു.