കണ്ണൂർ സ്വദേശിയായ വിജയ് പിള്ള ഒത്തുതീർപ്പിന് തന്നെ സമീപിച്ചതായി സ്വപ്ന സുരേഷ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയതിന് പിന്നാലെ സി.പി.എം പ്രതിരോധത്തിലാണ്. എന്നാൽ സ്വപ്‌ന സുരേഷിന്റെ ആരോപണം സംബന്ധിച്ച് ഒന്നും പറയാനില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളൊന്നും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സ്വപ്‌നയുടെ തുടർച്ചയായ വ്യാജ പ്രചരണങ്ങളോങ്ങളോട് അപ്പപ്പോൾ പ്രതികരിക്കേണ്ടതില്ല. കേസ് കൊടുക്കേണ്ടതുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി
ബംഗളൂരുവിലെ ഹോട്ടലിൽ വെച്ചാണ് വിജയ് പിള്ളയുമായുള്ള കൂടിക്കാഴ്ച നടന്നത്. മക്കളുമായി ഹരിയാനയിലേക്കോ ജയ്പൂരിലേക്കോ പോകണമെന്നുമാണ് പറഞ്ഞത്. ഫ്ലാറ്റ് അടക്കം എല്ലാ സൗകര്യങ്ങളും അവിടെ ചെയ്ത് തരാമെന്ന് പറഞ്ഞതായും സ്വപ്ന വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ എന്നിവർക്കെതിരായ തെളിവുകൾ കൈമാറണം. ക്ലൗഡ് അടക്കമുള്ളവയിൽ സൂക്ഷിച്ചിട്ടുള്ള രേഖകൾ നശിപ്പിക്കണമെന്നും വിജയ് പിള്ള ആവശ്യപ്പെട്ടതായി സ്വപ്ന പറഞ്ഞു.സ്വർണക്കടത്ത് കേസിൽ പുറത്തുവിട്ട കാര്യങ്ങൾ കള്ളം പറഞ്ഞതാണെന്ന് ഏറ്റുപറഞ്ഞ് ജനങ്ങളോട് ക്ഷമ ചോദിച്ച് ബംഗളൂരുവിൽ നിന്ന് സ്ഥലംവിടണം. ഇതിന് ശേഷം ഒരു മാസത്തിനുള്ളിൽ മലേഷ്യയിലേക്കോ യു.കെയിലേക്കോ പോകാനുള്ള പാസ്പോർട്ടും വിസയും തയാറാക്കി തരാം. സ്വപ്ന ജീവനോടെ ഉണ്ടെന്നോ എവിടെയാണെന്നോ കേരളത്തിലെ ജനങ്ങൾ അറിയാൻ പാടില്ലെന്നും വിജയ് പിള്ള പറഞ്ഞതായി സ്വപ്ന ആരോപിച്ചു.
കള്ളപാസ്പോര്‍ട്ടും വിസയും നല്‍കും, കാണാമറയത്ത് പോകണം, മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും എതിരെയുള്ള എല്ലാ വിവരങ്ങളും കൈമാറണം എന്നാണ് വിജയ്‌പിള്ള ആവശ്യപ്പെട്ടത്. ഒത്തുതീര്‍പ്പിന് വഴങ്ങിയില്ലെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ തന്നെ വധിക്കും എന്നും വിജയ് പിള്ള പറഞ്ഞതായി സ്വപ്ന എഫ്ബി ലൈഫില്‍ പറഞ്ഞു. കേസിൽ നിന്ന് പിന്മാറുന്ന പ്രശ്നമില്ലെന്ന് പിണറായി വിജയനെ അറിയിക്കുന്നു. കേരളത്തെയും ജനങ്ങളെയും വിറ്റുതുലച്ച് മകൾക്ക് വേണ്ടി സാമ്രാജ്യം പണിയാനുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങളെ ജീവനുള്ള കാലത്തോളം തുറന്നു കാണിക്കും. ഭീഷണിയുമായോ ഒത്തുതീർപ്പുമായോ തന്നെ സമീപിക്കേണ്ടെന്നും സ്വപ്ന എഫ്.ബി ലൈവിൽ പറഞ്ഞു.