മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹര്‍ജി തള്ളിയത്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് മാസപ്പടിയായി പണം നൽകിയെന്ന ആരോപണം ഉയര്‍ന്ന കേസിൽ സിഎംആര്‍എൽ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങൾ നൽകിയെന്നായിരുന്നു മാത്യു കുഴൽനാടൻ്റെ ആരോപണം. എന്നാൽ തെളിവില്ലെന്ന് കണ്ടെത്തിയാണ് വിജിലൻസ് കോടതി ഈ ആവശ്യം തള്ളിയത്.
സിഎംആർഎൽ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണൽ ഖനനത്തിന് വഴിവിട്ട സഹായം നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നൽകിയെന്നാണ് ഹർജിക്കാരൻെറ ആരോപണം. സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം നൽകിയതിന് തെളിവുകള്‍ ഹാജരാക്കാൻ മാത്യുകുഴൽനാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ചില രേഖകള്‍ കുഴൽനാടൻ്റെ അഭിഭാഷകൻ ഹാജരാക്കിയിരുന്നു. എന്നാൽ ഈ രേഖളിലൊന്നും സർക്കാർ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലൻസും വാദിച്ചു.
ഈ രേഖകളിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാനുള്ള തെളിവുണ്ടോ എന്ന് കോടതി ചോദിച്ചിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് കമ്പനിക്ക് അനുകൂലമായി സർക്കാർ എടുത്ത നിലപാടിന്‍റെ തെളിവാണെന്നും മാത്യുവിൻ്റെ അഭിഭാഷകൻ വിശദീകരിച്ചു. മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്നതാണ് രേഖകളാണ് ഹാജരാക്കിയതെന്ന് മാത്യു കുഴൽനാടൻ പറഞ്ഞിരുന്നു. ആരോപണങ്ങളിൽ നിന്നും ഒളിച്ചോടില്ലെന്നും വിധി പഠിച്ച ശേഷം നിയമപോരാട്ട തുടരുമെന്നും മാത്യു കുഴൽനാടൻ എംൽഎ പ്രതികരിച്ചു. സിഎംആർഎല്ലിന് അവിഹിതമായ സഹായം മുഖ്യമന്ത്രി ചെയ്തു എന്ന് കാണിക്കുന്ന രേഖ, ഉന്നയിച്ച ആരോപണം തെളിയിക്കാൻ ആവശ്യമായ രേഖ എന്നിവയാണ് കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നത്. വ്യാഴാഴ്ച കുഴൽനാടൻ ഹാജരാക്കിയ മൂന്ന് രേഖകളിലും മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവും ഇല്ലെന്ന് വിജിലൻസ് പ്രോസിക്യൂട്ടർ കോടതിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു. കേസ് പരിഗണിച്ച പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.വി രാജകുമാറാണ് ഹർജിയിൽ വിധി പറയുക.
അതേസമയം ലാവലിൻ കേസ് പോലെ തന്നെ കെട്ടിച്ചമച്ചതാണ് മാസപ്പടി വിവാദമെന്നായിരുന്നു സിപിമ്മിൻ്റെ പ്രതികരണം. സിഎംആർഎല്ലിന് ഖനനത്തിന് അനുമതി നൽകിയ ഉത്തരവും സിഎംആർഎല്ലിന് അനുകൂലമായി തീരുമാനമെടുത്തുള്ള പ്രിൻസിപ്പൽ സെക്രട്ടറിയുടേയും ആലപ്പുഴ കളക്ടറുടേയും ഉത്തരവുകളും കേന്ദ്രം അനുമതി റദ്ദാക്കിയ രേഖകളുമാണ് മാത്യൂ കുഴൽനാടൻ ഹാജരാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, സിഎംആർഎൽ ഉടമ എസ്. എൻ. ശശിധരൻ കർത്ത അടക്കം ഏഴ് പേരാണ് കേസിലെ എതിർകക്ഷികൾ.