മുഖ്യമന്ത്രി പിണറായി വിജയൻറെ യു എ ഇ സന്ദർശനത്തിന് കേന്ദ്രത്തിന്റെ അനുമതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ യാത്ര റദ്ദാക്കി. ഇതോടെ യുഎഇയിലെ അബുദാബി ബിസിനസ് മീറ്റിന് ഉദ്യോഗസ്ഥ സംഘത്തെ അയയ്ക്കാൻ സർക്കാർ. ചീഫ് സെക്രട്ടറി, ടൂറിസം, നോർക്ക സെക്രട്ടറിമാർ, സർക്കാരിന്റെ ദില്ലിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണുരാജാമണി എന്നിവരെ അയയ്ക്കാൻ തീരുമാനിച്ചു. യുഎഇയില്‍ മുഖ്യമന്ത്രിക്ക് നല്‍കാനിരുന്ന സ്വീകരണ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. നിക്ഷേപക സംഗമത്തിന് മാത്രമായി മുഖ്യമന്ത്രി യാത്രാ അനുമതി തേടിയെങ്കിലും അതും വിജയിച്ചില്ല.
മെയ് ഏഴിന് യുഎഇയിലെത്തുന്ന മുഖ്യമന്ത്രിക്കായി രണ്ട് സ്വീകരണ പരിപാടികളായിരുന്നു ഒരുക്കിയിരുന്നത്. മെയ് ഏഴിന് വൈകിട്ട് അബുദാബിയിലും പത്തിന് ദുബായിലുമായിരുന്നു പരിപാടികൾ മന്ത്രിസഭയുടെ രണ്ടാം വാര്‍ഷിത്തോട് അനുബന്ധിച്ച് സര്‍ക്കാരിന്‍റെ നേട്ടങ്ങളും ഭാവി പദ്ധതികളും പ്രവാസികളിലേക്കെത്തിക്കാൻ ലക്ഷ്യമിട്ട് വൻ സ്വീകരണ പരിപാടി ദുബായ് അല്‍ നാസര്‍ ലിഷര്‍ ലാന്‍ഡിൽ നടത്താൻ നിശ്‌ചയിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ സന്ദര്‍ശനാനുമതി നല്‍കില്ലെന്ന് ഉറപ്പായതോടെ യുഎഇയില്‍ മുഖ്യമന്ത്രിക്ക് നല്‍കാനിരുന്ന സ്വീകരണ പരിപാടികളും റദ്ദാക്കി.