പൗരത്വ ഭേദഗതി നിയമം ഒരിക്കലും പിൻവലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ന്യൂനപക്ഷങ്ങളോ മറ്റേതെങ്കിലും വ്യക്തിയോ ഭയപ്പെടേണ്ട ആവശ്യമില്ല. ആരുടെയും പൗരത്വം എടുത്തുകളയാൻ സിഎഎയിൽ വ്യവസ്ഥയില്ലെന്നും അമിത് ഷാ വ്യക്തമാക്കി. രാജ്യത്ത് സിഎഎ നടപ്പാക്കി ദിവസങ്ങൾക്ക് ശേഷമാണ് അമിത് ഷായുടെ പ്രതികരണം.
“സിഎഎ ഒരിക്കലും തിരിച്ചെടുക്കില്ല. നമ്മുടെ രാജ്യത്ത് ഇന്ത്യൻ പൗരത്വം ഉറപ്പാക്കുന്നത് ഞങ്ങളുടെ പരമാധികാര തീരുമാനമാണ്. അതിൽ ഞങ്ങൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. ന്യൂനപക്ഷങ്ങളോ മറ്റേതെങ്കിലും വ്യക്തിയോ ഭയപ്പെടേണ്ട ആവശ്യമില്ല, കാരണം ആരുടെയും പൗരത്വം എടുത്തുകളയാൻ സിഎഎയിൽ വ്യവസ്ഥയില്ല. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും ജൈനർക്കും സിഖുകാർക്കും ക്രിസ്ത്യാനികൾക്കും പാർസി അഭയാർഥികൾക്കും അവകാശങ്ങളും പൗരത്വവും നൽകാൻ മാത്രമാണ് സിഎഎ നടപ്പാക്കുന്നത് ‘, അമിത് ഷാ പറഞ്ഞു. എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിഎഎയിലൂടെ ബിജെപി പുതിയ വോട്ട് ബാങ്ക് സൃഷ്ടിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ അദ്ദേഹം തള്ളി. “പ്രതിപക്ഷത്തിന് മറ്റ് ജോലിയൊന്നുമില്ല, അവർ പറയുന്നത് അവർ ഒരിക്കലും ചെയ്യില്ല,” ആഭ്യന്തരമന്ത്രി പറഞ്ഞു. “ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഞങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനും വേണ്ടിയാണെന്നും അവർ പറഞ്ഞു. ആർട്ടിക്കിൾ 370 നീക്കം ചെയ്യുമെന്ന് 1950 മുതൽ ഞങ്ങൾ പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019-ൽ പാർലമെൻ്റ് പാസാക്കിയെങ്കിലും കൊവിഡ് കാരണം വൈകി. പ്രതിപക്ഷം പ്രീണന രാഷ്ട്രീയം നടത്താനും വോട്ട് ബാങ്ക് ഏകീകരിക്കാനും ആഗ്രഹിക്കുന്നു. സിഎഎ ഈ രാജ്യത്തെ നിയമമാണെന്ന് രാജ്യത്തെ ജനങ്ങൾക്ക് അറിയാം. തിരഞ്ഞെടുപ്പിന് മുമ്പ് ഇത് നടപ്പാക്കുമെന്ന് കഴിഞ്ഞ നാല് വർഷത്തിനിടെ 41 തവണ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു.