ഗോപിയാശാനെ കാണുന്നതിനായി ആരെയും ചുമതല ഏല്‍പ്പിച്ചിട്ടില്ലെന്നും ഏല്‍പ്പിക്കാനും ഉദ്ദേശിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. താൻ എല്ലാ കാര്യങ്ങളും ഏല്‍പ്പിക്കുന്നത് ബിജെപി ജില്ലാ അധ്യക്ഷൻ അനീഷിനെയാണ്. ഗോപിയാശാനെ ബന്ധപ്പെട്ടില്ല. ഗോപിയാശാന്‍റെ മകന്‍റെ പോസ്റ്റ് വായിച്ചിട്ടില്ല. മുമ്പ് പലതവണ ഗോപിയാശാനെ കണ്ടിട്ടുണ്ട്. മുമ്പ് അദ്ദേഹത്തിന് മുണ്ടും നേര്യതും നല്‍കി വണങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട്.
ഗോപിയാശാന്‍റെ ഡോക്യൂമെന്‍ററി ഞാനാണ് പ്രകാശനം ചെയ്തത്. മകന്‍റെ പ്രതികരണം ഗോപിയാശാന്‍റെ മനസ്സാണോ എന്നത് അറിയില്ല. പ്രമുഖരായ കലാകാരന്മാര്‍ മാത്രമല്ല, പ്രമുഖരായ വ്യക്തികളുണ്ട്. ഇവരെയെല്ലാം എല്ലാ സ്ഥാനാര്‍ത്ഥികളും കാണുന്നതാണ്. താനൊരു ഗുരുത്വത്തിന്‍റെ പേരിലാണ് ഇത്തരത്തില്‍ വ്യക്തികളെ കണ്ട് അനുഗ്രഹം തേടുന്നത്. ഗുരുനാഥ തുല്യരായവരെയാണ് കാണുന്നത്. അത്തരത്തില്‍ ഗോപിയാശാൻ ഗുരുതുല്യനാണ്. ഗുരുവെന്ന നിലയില്‍ അദ്ദേഹത്തെ വണങ്ങാൻ ഇനിയും ആഗ്രഹമുണ്ട്. പാര്‍ട്ടി ജില്ലാ അധ്യക്ഷനോട് ഈ ആവശ്യം പറയും.
ഗോപിയാശാനെ നേരിട്ട് കണ്ട് അനുഗ്രഹം തേടാനായില്ലെങ്കില്‍ ഗുരുവായൂരപ്പന്‍റെ നടയിൽ വെറ്റിലയും അടക്കയും മുണ്ടും നേര്യതും സമര്‍പ്പിച്ച് ഗോപിയാശാന് മനസുകൊണ്ട് പൂജ അര്‍പ്പിച്ച് അനുഗ്രഹം തേടും. ഗോപിയാശാന് പ്രയാസമുണ്ടെങ്കില്‍ മാനസപൂജ ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത്തരത്തില്‍ കാണാൻ കഴിയാത്തവര്‍ക്കായി മനസുകൊണ്ട് പൂജ അര്‍പ്പിക്കാറുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതിരെ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വിവാദമായതോടെ കലാമണ്ഡലം ഗോപിയുടെ മകൻ രഘു ഗുരുകൃപ പിന്‍വലിച്ചിരുന്നു.