ഓഹരിവിപണി നിയന്ത്രണ ഏജന്‍സിയായ സെബിയുടെ പുതിയ മേധാവിയായി തുഹിന്‍ കാന്ത പാണ്ഡെയെ നിയമിച്ചു. 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ തുഹിന്‍ കാന്ത പാണ്ഡെയ്ക്ക് മൂന്നു വര്‍ഷത്തേക്കാണ് നിയമനം. നിലവിലെ ചെയര്‍പഴ്‌സന്‍ മാധബി പുരി ബുച്ചിന്റെ കാലാവധി ഇന്ന് അവസാനിക്കും. സെബിയുടെ മേധാവിയായ ആദ്യ വനിത, ഏറ്റവും പ്രായം കുറഞ്ഞ സെബി മേധാവി, സ്വകാര്യ മേഖലയില്‍ നിന്ന് സെബിയുടെ മേധാവിയായ ആദ്യ വ്യക്തി എന്നി നേട്ടങ്ങളോടെയാണ് മാധബി പുരി ബുച്ചിന്റെ പടിയിറക്കം. ബുച്ചിന്റെ മുന്‍ഗാമികളായ അജയ് ത്യാഗിക്കും യുകെ സിന്‍ഹയ്ക്കും സെബി മേധാവി സ്ഥാനത്ത് കാലാവധി നീട്ടിനല്‍കിയിരുന്നു. ത്യാഗി നാല് വര്‍ഷവും സിന്‍ഹ ആറ് വര്‍ഷവും ആ സ്ഥാനത്ത് തുടര്‍ന്നു.
ഫെബ്രുവരി 17ന് ധനകാര്യ മന്ത്രാലയം സെബി മേധാവി സ്ഥാനത്തേക്ക് അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. ഇന്ത്യയുടെ സാമ്പത്തിക നയങ്ങളിലും, ഓഹരി വിറ്റഴിക്കൽ പരിപാടികളിലും, പൊതുമേഖലാ മാനേജ്‌മെന്റിലും പാണ്ഡെ പ്രധാന പങ്ക് വഹിചിരുന്നു. സർക്കാർ ധനകാര്യങ്ങളും നിക്ഷേപങ്ങളും കൈകാര്യം ചെയ്യുന്നതിലെ അദ്ദേഹത്തിന്റെ പരിചയം സെബിയെ നയിക്കുന്നതിനുള്ള ശക്തമായ തിരഞ്ഞെടുപ്പാക്കി അദ്ദേഹത്തെ മാറ്റും.
സമീപ വർഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ചില സാമ്പത്തിക തീരുമാനങ്ങളിൽ പാണ്ഡെ ഉൾപ്പെട്ടിട്ടുണ്ട്. മധ്യവർഗത്തിന് ഒരു ലക്ഷം കോടി രൂപയുടെ നികുതി ഇളവ് നൽകിയ കേന്ദ്ര ബജറ്റ് രൂപപ്പെടുത്തുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളിലെ സർക്കാരിന്റെ ഓഹരികൾ കൈകാര്യം ചെയ്യുന്നതിന് ഉത്തരവാദിയായ ഡിഐപിഎഎമ്മിൽ ഏറ്റവും കൂടുതൽ കാലം സെക്രട്ടറിമാരായി സേവനമനുഷ്ഠിച്ചവരിൽ ഒരാളാണ് പാണ്ഡെ.
ഡിഐപിഎഎമ്മില്‍ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നതിനു മുമ്പ്, ഐക്യരാഷ്ട്രസഭയുടെ വ്യാവസായിക വികസന സംഘടനയുടെ (unido) റീജിയണല്‍ ഓഫീസില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ കേന്ദ്ര സര്‍ക്കാരിലും ഒഡിഷ സംസ്ഥാന സര്‍ക്കാരിലും പാണ്ഡെ നിരവധി സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ പ്ലാനിംഗ് കമ്മീഷന്‍ (ഇപ്പോള്‍ നീതി ആയോഗ്) ജോയിന്റ് സെക്രട്ടറി, കാബിനറ്റ് സെക്രട്ടേറിയറ്റ് ജോയിന്റ് സെക്രട്ടറി, വാണിജ്യ മന്ത്രാലയത്തില്‍ ഡെപ്യൂട്ടി സെക്രട്ടറി എന്നി പദവികളും വഹിച്ചിട്ടുണ്ട്. ഒഡിഷ സംസ്ഥാന സര്‍ക്കാരില്‍ ആരോഗ്യം, പൊതുഭരണം, വാണിജ്യ നികുതി, ഗതാഗതം, ധനകാര്യം എന്നി വകുപ്പുകളില്‍ അഡ്മിനിസ്‌ട്രേറ്റീവ് തലവനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.