മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ അട്ടിമറി. എൻസിപിയെ പിളർത്തി അജിത് പവാർ ഏക്നാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. എൻസിപിയുടെ ഒമ്പത് എംഎൽഎമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടേയും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസും രാജ്ഭവനിലെത്തിയിരുന്നു. ഇരുവരുടെയും സാന്നിധ്യത്തിലാണ് രാജ് ഭവനിൽ സത്യപ്രതിജ്ഞ നടന്നത്. മുതിർന്ന നേതാവ് പ്രഫുൽ പട്ടേലും അജിത് പവാറിനൊപ്പമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെയാണ് നാടകീയ രാഷ്ട്രീയ നീക്കം ഉണ്ടായത്.
ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസുമായി അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം പങ്കിടും. മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാൻ അജിത് പവാർ ആഗ്രഹം പ്രകടിപ്പിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഈ രഷ്ട്രീയ നീക്കം. ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ, ദിലീപ് വാൽസെ പാട്ടീൽ എന്നിവരുൾപ്പെടെ ഒമ്പത് എൻസിപി നേതാക്കളും അജിത് പവാറിനൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. 40 സേന എം.എൽ.എമാരുമായി എക്‌നാഥ് ഷിൻഡെ ഇറങ്ങിപ്പോവുകയും ബി.ജെ.പിയുടെ പിന്തുണയോടെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്ത് ഒരു വർഷം പിന്നിടുമ്പോഴാണ് ഈ സംഭവം
ഏറെ നാളായി പുകയുകയായിരുന്ന എൻസിപിയിലെ അധികാരത്തർക്കമാണ് പിളർപ്പിലേക്ക് നയിച്ചത്. ദില്ലിയില്‍ ശരദ് പവാറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ പ്രഫുൽ പട്ടേലിനെയും സുപ്രിയ സുലെയെയും എന്‍സിപി വർക്കിംഗ് പ്രസിഡന്റുമാരാക്കി കഴിഞ്ഞ ദിവസം ശരദ് പവാർ പ്രഖ്യാപിച്ചിരുന്നു.