രാജ്യത്തെ പത്ത് പ്രമുഖ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ഫെബ്രുവരി 12 വ്യാഴാഴ്ച അർദ്ധരാത്രി മുതൽ ആരംഭിച്ചു. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും പുതിയ തൊഴിൽ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും ബിഎംഎസ് ഒഴികെയുള്ള സംയുക്ത തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ബാങ്കിംഗ് സേവനങ്ങൾ, പൊതുഗതാഗതം, സർക്കാർ ഓഫീസുകൾ എന്നിവയുടെ പ്രവർത്തനത്തെ പണിമുടക്ക് ആദ്യ മണിക്കൂറുകളിൽ തന്നെ ബാധിച്ചു തുടങ്ങി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പണിമുടക്ക് ഭാഗികമാണെങ്കിലും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജനജീവിതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. കേരളത്തിൽ സ്വകാര്യ ബസുകൾ, ഓട്ടോ ടാക്സി സർവീസുകൾ, കെഎസ്ആർടിസി എന്നിവ നിരത്തിലിറങ്ങിയില്ല.
ബുധനാഴ്ച അർദ്ധരാത്രി 12 മണിക്ക് തുടങ്ങിയ പണിമുടക്ക് വ്യാഴാഴ്ച അർദ്ധരാത്രി വരെ 24 മണിക്കൂർ നീണ്ടുനിൽക്കും. കേരളത്തിൽ ഹർത്താലിന് സമാനമായ അന്തരീക്ഷമാണ് പണിമുടക്കിനെ തുടർന്ന് ഉണ്ടായിരിക്കുന്നത്. റെയിൽവേ, ബാങ്കിംഗ്, ഇൻഷുറൻസ്, വ്യവസായ മേഖലകളെ പണിമുടക്ക് സാരമായി ബാധിച്ചിരിക്കുകയാണ്. സിഐടിയു (CITU), ഐഎൻടിയുസി (INTUC), എഐടിയുസി (AITUC), സേവ (SEWA), രാഷ്ട്രീയ മസ്ദൂർ ഫെഡറേഷൻ തുടങ്ങി 10 പ്രധാന യൂണിയനുകളാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്. കർഷക-കർഷക തൊഴിലാളി സംഘടനകളും ഇടതുപക്ഷ പാർട്ടികൾ ഉൾപ്പെടെയുള്ള പ്രതിപക്ഷവും പണിമുടക്കിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
നാല് ലേബർ കോഡുകൾ പിൻവലിക്കുക എന്നതാണ് തൊഴിലാളി സംഘടനകളുടെ പ്രധാന ആവശ്യം. ഈ കോഡുകൾ തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുമെന്നും കോർപ്പറേറ്റ് താൽപ്പര്യങ്ങളെ സംരക്ഷിക്കുമെന്നുമാണ് യൂണിയനുകളുടെ വാദം. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക, ഇലക്ട്രിസിറ്റി ബിൽ, സീഡ് ബിൽ എന്നിവ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളും ഇതോടൊപ്പം ഉന്നയിച്ചിട്ടുണ്ട്. കൂടാതെ കുറഞ്ഞ വേതനം നടപ്പിലാക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുക, കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, വിലക്കയറ്റം നിയന്ത്രിക്കുക, കാർഷിക ഉൽപ്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കുക എന്നീ ആവശ്യങ്ങളും സംഘടനകൾ മുന്നോട്ട് വെക്കുന്നു.

