കരിപ്പൂർ വഴിയുള്ള ഹജ്ജ് യാത്രാനിരക്കിലെ വർധനയിൽ മുസ്ലീം ലീഗ് പ്രക്ഷോഭത്തിലേക്ക്. നിരക്ക് കൂടിയതിൽ കേന്ദ്ര,കേരള സർക്കാരുകൾ മറുപടി പറയണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ആവശ്യപ്പെട്ടു. എയർ ഇന്ത്യ സൗദി എയർലൈൻസിന്റെ തുകയിലേക്ക് നിരക്ക് കുറയ്ക്കണമെന്നും ഇല്ലെങ്കിൽ റീ ടെൻഡർ നടത്തണമെന്നും സലാം ആവശ്യപ്പെട്ടു. എയർ ഇന്ത്യ സൗദി എയർലൈൻസിന്റെ തുകയിലേക്ക് നിരക്ക് കുറയ്ക്കണമെന്നും ഇല്ലെങ്കിൽ റീ ടെൻഡർ നടത്തണമെന്നും സലാം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് 70 ശതമാനം ഹജ്ജ് തീർത്ഥാടകരും യാത്ര പുറപ്പെടുന്നത് കരിപ്പൂരിൽ നിന്നാണെന്നിരിക്കെ ഇവിടെ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് ഇരട്ടിയാക്കിയത് വലിയ പ്രതിഷേധമാണ് ഉയർത്തിരിക്കുന്നത്.
നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളിൽ ഹജ്ജ് യാത്ര നിരക്ക് കുത്തനെ കുറഞ്ഞപ്പോൾ കരിപ്പൂരിൽ എയർ ഇന്ത്യ നിരക്ക് വൻതോതിൽ ഉയർത്തിയതാണ് ഹജ്ജിന് ഒരുങ്ങുന്ന തീർഥാടകർക്ക് ഉള്ള ആശങ്ക. വിഷയം കേന്ദ്ര മന്ത്രിയെ പ്രശ്നം ധരിപ്പിച്ചെങ്കിലും റീ ടെൻഡർ നടപടിയിലേക്ക് പോയാൽ നിയമ പ്രശ്നമാകുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചന. കരിപ്പൂർ വിമാനത്താവളത്തിൽ ചെറിയ വിമാനങ്ങളേ ഇറങ്ങുന്നുള്ളൂ. ഇത് കാരണമുള്ള അധിക ചിലവ് ചൂണ്ടിക്കാട്ടിയാണ് ടെണ്ടറിലൂടെ നിരക്ക് ഇരട്ടിയാക്കിയത്. എയർ ഇന്ത്യയാണ് കരിപ്പൂരിൽ നിന്ന് ഹജ്ജ് സർവ്വീസ് നടത്തുന്നത്. കണ്ണൂരിലും കൊച്ചിയിലും സർവ്വീസ് നടത്തുന്ന സൗദി എയർലൈൻസ് പകുതി തുക മാത്രമാണ് ഈടാക്കുന്നത്.
അതേസമയം ചരിത്രത്തിലാദ്യമായാണ് ഹജ്ജ് കമ്മിറ്റി മുഖേന കേരളത്തിൽനിന്ന് ഇത്രയേറെ തീർത്ഥാടകർക്ക് അവസരം ലഭിക്കുന്നത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് കേരളത്തിൽനിന്ന് 16,776 പേർക്ക് അവസരം ലഭിച്ചു. ഇതിൽ 70 വയസിന് മുകളിലുള്ളവർക്കും ലേഡീസ് വിത്തൗട്ട് മഹ്റം വിഭാഗത്തിലുള്ളവർക്കും നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം ലഭിക്കും. ബാക്കി സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജനറൽ വിഭാഗത്തിൽനിന്ന് നറുക്കെടുപ്പിലൂടെ നടത്തും. നറുക്കെടുപ്പ് തിങ്കളാഴ്ച (ഇന്ന്) രാവിലെ 11 മുതൽ ഡൽഹിയിൽ നടക്കും. സംസ്ഥാനത്തുനിന്ന് ഇക്കുറി 24,748 പേരാണ് അപേക്ഷിച്ചത്. ഇതിൽ 1250 പേർ 70 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിലും 3584 പേർ ലേഡീസ് വിത്തൗട്ട് മഹ്റം വിഭാഗത്തിലുമാണ്. ജനറൽ വിഭാഗത്തിൽ 19,950 പേരാണ് അപേക്ഷിച്ചത്. ഇതിൽനിന്ന് 11,942 പേർക്കാണ് നറുക്കെടുപ്പിലൂടെ അവസരം ലഭിക്കുക. ബാക്കി 8008 പേരെ വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെടുത്തും. തെരഞ്ഞെടുക്കപ്പെട്ടവരുടെ വിവരങ്ങൾ വൈകിട്ടോടെ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമാകും.
ഓരോ സംസ്ഥാനങ്ങളിലെയും മുസ്ലിം ജനസംഖ്യാടിസ്ഥാനത്തിലാണ് ഹജ്ജ് ക്വാട്ട അനുവദിക്കുക. ഇതുപ്രകാരം വിവിധ സംസ്ഥാനങ്ങളിൽ ആവശ്യത്തിനുള്ള അപേക്ഷകരില്ലാത്തതിനാൽ കേരളം ഉൾപ്പെടെ കൂടുതൽ അപേക്ഷകരുള്ള സംസ്ഥാനങ്ങൾക്ക് സീറ്റുകൾ വീതംവെക്കുകയായിരുന്നു. ഇതുപ്രകാരം കേരളത്തിന് 9587 സീറ്റുകളാണ് അധികമായി അനുവദിച്ചത്. ഉത്തർപ്രദേശിൽനിന്നാണ് ഇക്കുറി കൂടുതൽ പേർക്ക് അവസരം ലഭിച്ചത് -19,702. രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്ര -19,649. മൂന്നാമതാണ് കേരളം. ഇത്തവണ 1,62,585 പേരാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി അപേക്ഷിച്ചത്. ഇതിൽ 1,40,020 പേർക്കാണ് അവസരം ലഭിക്കുക.