മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള ലീഗ് പ്രതിനിധി സംഘം മണിപ്പൂരിലേക്കു തിരിച്ചു. ഇംഫാലിലെത്തുന്ന സംഘം മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ആവശ്യമായ ഇടപെടലുകൾ നടത്തും.
ഇരു വിഭാഗങ്ങൾ തമ്മിൽ മണിപ്പൂരിൽ നിലനിൽക്കുന്ന സംഘർഷം മാസങ്ങളായിട്ടും നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് സാധിച്ചിട്ടില്ലെന്നും അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും മുസ്‌ലിംലീഗ് നേതാക്കൾ പറഞ്ഞു. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽ വഹാബ്, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവരും ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമറും സംഘത്തിലുണ്ട്. നേരത്തെ ചേർന്ന മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടേറിയറ്റ് യോഗവും സംസ്ഥാന എക്‌സിക്യുട്ടീവ് ക്യാമ്പും മണിപ്പൂർ വിഷയത്തിൽ ശക്തമായ ഇടപെടൽ ആവശ്യപ്പെട്ടിരുന്നു.