‘ദി കേരള സ്റ്റോറി’ സിനിമക്കെതിരെ ഉയർന്നുവന്ന വിവാദവും സിനിമയ്ക്ക് എതിരെയുള്ള പ്രതിഷേധവും കണക്കിലെടുത്ത് തമിഴ്‌നാട്ടിലെ മൾട്ടിപ്ലക്‌സ് തിയറ്ററുകളിൽ കേരള സ്റ്റോറി ഇന്ന് മുതൽ പ്രദർശിപ്പിക്കില്ല. ‘ദി കേരള സ്റ്റോറി’ റിലീസ് ചെയ്യുന്നതിനെതിരെ തമിഴ്‌നാട്ടിലെ നാം തമിഴർ പാർട്ടി ശനിയാഴ്ച ചെന്നൈയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പാർട്ടിയുടെ സംഘാടകനും നടനും സംവിധായകനുമായ സീമാന്റെ നേതൃത്വത്തിൽ ചെന്നൈയിലെ സ്കൈവാക്ക് മാളിന് സമീപമുള്ള ചെന്നൈ അണ്ണാനഗറിലാണ് പ്രതിഷേധം നടത്തിയത്. ദി കേരള സ്റ്റോറി മുസ്ലീം സമുദായത്തിന് എതിരാണെന്നും പുതുച്ചേരി, തമിഴ്‌നാട് സർക്കാരുകൾ അതിന്റെ പ്രദർശനം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് സീമാൻ നേരത്തെ പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു.
കേരളത്തിലും സിനിമ റിലീസ് ചെയ്യുന്നതിനെതിരെ പ്രതിഷേധം ഉയർന്നെങ്കിലും ബഹുഭാഷാ ചിത്രമായ ‘ദി കേരള സ്റ്റോറി’യുടെ റിലീസ് സ്റ്റേ ചെയ്യാൻ കേരള ഹൈക്കോടതി വിസമ്മതിച്ചിരുന്നു. എന്നാൽ റിലീസ് ചെയ്ത ദിവസം, കേരളത്തിലെ പല ജില്ലകളിലും ദി കേരള സ്റ്റോറിയുടെ ഷോകൾ റദ്ദാക്കി. കൊച്ചിയിൽ നേരത്തെ ലിസ്റ്റ് ചെയ്ത രണ്ട് ഷോകൾ റദ്ദാക്കി. കൊച്ചിയിലെ ലുലു മാൾ, സെന്റർ സ്‌ക്വയർ മാൾ എന്നിവിടങ്ങളിലെ തീയേറ്റർ ഉടമകളും സിനിമ ബഹിഷ്‌കരിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, വയനാട് ജില്ലകളിലെ തിയേറ്ററുകളും ചിത്രം പ്രദർശിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു.