കൂടല്ലൂരിന്റെ കഥാകാരന് എഴുത്തിന്റെ പെരുന്തച്ചന് യാത്രാമൊഴി. മൂന്നരയോടെ വീട്ടിൽ ആരംഭിച്ച അന്ത്യകർമ്മങ്ങൾ 4 മണിയോടെ പൂര്‍ത്തിയായി. മാവൂർ റോഡിലെ സ്മൃതിപഥത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ അഞ്ച് മണിയോടെ സംസ്കാര ചടങ്ങുകൾ നടന്നു. ആരാധകരും സ്നേഹിതരും അടക്കം ആയിരങ്ങൾ എംടിക്ക് അന്ത്യയാത്രാമൊഴിയേകി. കൊട്ടാരം റോഡിലെ സിതാരയ്ക്കും മാവൂർ റോഡിലെ സ്മൃതി പഥത്തിനുമിടയിലെ രണ്ട് കിലോമീറ്റർ ദൂരത്തിൽ നഗരവീഥികളിലുടനീളം പ്രിയ കഥാകാരന് അന്ത്യാഞ്ജലിയർപ്പിക്കാൻ ജനം കാത്തുനിന്നു.
സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുളളവര്‍ എം ടി യുടെ വീടായ സിതാരയിലെത്തി അന്ത്യാജ്ഞലി അര്‍പ്പിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് എംടിയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ നിന്ന് സിതാരയിലേക്ക് കൊണ്ടുവന്നത്. വീടിന് പുറത്തെ പൊതുദര്‍ശനവും മോര്‍ച്ചറി വാസവും വേണ്ടെന്ന എംടിയുടെ ആഗ്രഹം കുടുംബം അതേപടി അനുസരിച്ചു. പുലര്‍ച്ച നടന്‍ മോഹന്‍ലാല്‍ എം ടി യെ അവസാനമായി കാണാൻ എത്തി. പിന്നാലെ പ്രിയപ്പെട്ട സുഹൃത്തിനെ കാണാനെത്തിയ സംവിധായകന്‍ ഹരിഹരനും. സാധാരണക്കാരും സുഹൃത്തുക്കളും അങ്ങനെ നാനാ തുറകളിൽപെട്ടവർ തങ്ങളുടെ പ്രിയ കഥാകാരനെ നോവലിസ്റ്റിന്റെ സംവിധായകനെ താൻ തന്നെ എന്ന് തോന്നിക്കുന്ന ഓരോ കഥാപാത്രത്തെയും അക്ഷരങ്ങളായി കുറിച്ചിട്ട പ്രിയപ്പെട്ടവരെ കാണാൻ ഒഴുകിയെത്തി. അവസാനമായി ഒരു നോക്കു കാണാൻ ആഗ്രഹമറിയിച്ചവർക്കായി സ്മൃതി പഥത്തിലും അല്പസമയം പൊതുദർനം. മന്ത്രിമാരുൾപ്പെടെയുള്ളവരുടെ അന്ത്യാഞ്ജലി. തുടർന്ന് സംസ്ഥാനത്തിൻ്റെ പൂർണ ഔദ്യോഗിക ബഹുമതി അർപ്പിച്ച് പൊലീസ് സേന. പിന്നെ അന്ത്യകർമങ്ങൾക്കു ശേഷം വാതകചിതയിലെ അഗ്നിനാളമായി മലയാളത്തിൻ്റെ പ്രിയ കഥാകാരൻ.
പുഴ കണ്ട് ഇരിക്കാൻ നിളാ തീരത്ത് എം ടി ഒരു കോട്ടജ് ഉണ്ടാക്കി. എന്നാൽ അവിടേക്ക് അധികം എം ടി പോയിരുന്നില്ല, കാരണം ഇന്ന് ആ പുഴ എം ടി സ്നേഹിച്ച നിള ഇല്ല, ആ പുഴ കാണാനേ ഇല്ല. അദ്ദേഹത്തിന്റെ ഒട്ടുമിക്ക കൃതികളുടെയും പശ്ചാത്തലം കൂടല്ലൂർ ഗ്രാമവും നിളയും ആയിരുന്നു. കാലം മുൻപേ കടന്നുപോയെങ്കിലും ആ എഴുത്തുകൾ ഇപ്പോഴും മനസ്സുകളിലേക്ക് ആഴ്ന്നിറങ്ങുകയാണ്. അങ്ങനെ നിളാനദിപോലെ ഒഴുകിയ ജ്ഞാനപീഠ ജേതാവ് എം ടി, വാക്കുകളുടെ മായാജാലം സമ്മാനിച്ച് ധന്യമായ ആ മടക്കം.
ബുധനാഴ്ച രാത്രി പത്തോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു എം.ടി.യുടെ മരണം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. മരണസമയത്ത് മകൾ അശ്വതിയും ഭർത്താവ് ശ്രീകാന്തും കൊച്ചുമകൻ മാധവും സമീപത്തുണ്ടായിരുന്നു.
1933 ജൂലായ് 15-ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലായിരുന്നു എം.ടിയുടെ ജനനം. പുന്നയൂർക്കുളം ടി. നാരായണൻ നായരും അമ്മാളുഅമ്മയുമാണ് മാതാപിതാക്കൾ. നാല് ആൺമക്കളിൽ ഇളയ മകൻ. മലമക്കാവ് എലിമെന്ററി സ്‌കൂൾ, കുമരനെല്ലൂർ ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജിൽനിന്ന് 1953-ൽ രസതന്ത്രത്തിൽ ബിരുദം നേടി. കുറച്ചുകാലം അധ്യാപകൻ. തുടർന്ന് 1956-ൽ മാതൃഭൂമിയിൽ സബ് എഡിറ്ററായി ദീർഘകാലത്തെ ഔദ്യോഗിക സേവനത്തിനു തുടക്കം.
1968-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി. 1981-ൽ ആ സ്ഥാനം രാജിവെച്ചു. 1989-ൽ പീരിയോഡിക്കൽസ് എഡിറ്റർ എന്ന പദവിയിൽ തിരികെ മാതൃഭൂമിയിലെത്തി. 1999-ൽ മാതൃഭൂമിയിൽനിന്ന് വിരമിച്ചശേഷം കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായി സേവനമനുഷ്ഠിച്ചു. തുഞ്ചൻ സ്മാരക സമിതിയുടെ അധ്യക്ഷനായിരുന്നു.
2005-ൽ രാജ്യം എം.ടിയെ പത്മഭൂഷൺ നൽകി ആദരിച്ചു. സാഹിത്യരംഗത്ത് ഭാരതത്തിൽ നൽകപ്പെടുന്ന ഏറ്റവും ഉയർന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995-ൽ ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (കാലം), കേരള സാഹിത്യ അക്കാദമി അവാർഡ് (നാലുകെട്ട്), വയലാർ അവാർഡ് (രണ്ടാമൂഴം), മാതൃഭൂമി പുരസ്‌കാരം, ഓടക്കുഴൽ അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, പത്മരാജൻ പുരസ്‌കാരം എന്നിങ്ങനെ എണ്ണപ്പെട്ട ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചു. മലയാളസാഹിത്യത്തിന് നൽകിയ അമൂല്യസംഭാവനകൾ കണക്കിലെടുത്ത് കോഴിക്കോട് സർവകലാശാലയും മഹാത്മ ഗാന്ധി സർവകലാശാലയും ഡി.ലിറ്റ്. നൽകി ആദരിച്ചു. എം.ടി. ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ‘നിർമ്മാല്യം’ 1973-ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. ഇതിനുപുറമേ മുപ്പതിലേറെ ദേശീയ, സംസ്ഥാന അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.