ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിൽ ചികിത്സയിലുള്ള എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസത്തേക്കാൾ ആരോഗ്യനില മോശമായിട്ടില്ല. ഇപ്പോൾ നൽകുന്ന ചികിത്സകളോട് നേരിയ രീതിയിൽ എം.ടി പോസിറ്റീവായി പ്രതികരിക്കുന്നുണ്ട് എന്നും ഇന്ന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. എം ടി മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും കൈകാലുകൾ ചലിപ്പിക്കാൻ സാധിച്ചെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്.
തീവ്ര പരിചരണ വിഭാഗത്തിലാണ് നിലവിൽ എം.ടി. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി മോശമായത്. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തെ ഫോണിൽ വിളിച്ച് ആരോഗ്യസ്ഥിതി ആരാഞ്ഞു. വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്. ഭാര്യ കലാമണ്ഡലം സരസ്വതി, മകൾ അശ്വതി ശ്രീകാന്ത്, മരുമകൻ ശ്രീകാന്ത് എന്നിവരുൾപ്പെടെയുള്ള ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ആശുപത്രിയിൽ ഉണ്ട്.